എട്ടെടുക്കാന്‍ ഇനി എം 80 ഇല്ല; ഇനി കാലിൽ വേണം ഗിയർ

Spread the love

കൊച്ചി: ഗിയർ ഉള്ള ഇരുചക്രവാഹന ലൈസൻസിന് കാലിൽ ഗിയർ മാറുന്ന വാഹനങ്ങൾ മാത്രമേ ഉപയോ​ഗിക്കാനാകൂ. ഇതോടെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍നിന്നും എം 80 പുറത്താക്കുകയാണ്. ഗിയർ ഇല്ലാത്തവയുടെ ലെെസൻസിന് ​ഗിയർ രഹിത സ്കൂട്ടറുകൾ ഉപയോഗിക്കാം. ആഗസ്‌ത്‌ ഒന്നുമുതൽ പുതിയ പരിഷ്കാരം നടപ്പാകും. ഗതാഗതവകുപ്പി​ന്റെ ഡ്രൈവിങ് പരീക്ഷാ പരിഷ്കാരത്തി​ന്റെ ഭാഗമായാണ് തീരുമാനം. കൈകൊണ്ട് ഗിയർ മാറുന്ന വാഹനത്തിൽ ഡ്രൈവിങ് പരീക്ഷ പാസാകുന്നവർ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നില്ല. കൈകൊണ്ട് ഗിയർ മാറുന്ന വാഹനങ്ങൾ രാജ്യത്ത് ഇറങ്ങാതായതിനെ തുടർന്നാണ് ഡ്രൈവിങ് പരീക്ഷയിലും ഇവ ഒഴിവാക്കുന്നത്. കൂടാതെ എന്‍ജിന്‍ കപ്പാസിറ്റി 95 സി.സി. മുകളിലും വേണം.

കഴിഞ്ഞ ദിവസം വരെ ഡ്രൈവിങ് സ്‌കൂളുകളില്‍ ഭൂരിഭാഗം പേരും ടെസ്റ്റിനായി ഹാന്‍ഡിലില്‍ ഗിയര്‍മാറ്റാന്‍ സംവിധാനമുള്ള എം 80 കളാണ് ഉപയോഗിച്ചത്. പുതിയ പരിഷ്‌കാരങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ നടപ്പിലാക്കുന്നതോടെ 75 സി.സി. മാത്രം എന്‍ജിന്‍ കപ്പാസിറ്റിയുള്ള എം. 80 പുറത്താകും. പകരം ടെസ്റ്റിന് ബൈക്കുകളാകും ഉപയോഗിക്കുക.

എട്ട് മാതൃകയിലുള്ള കമ്പികള്‍ക്കിടയിലൂടെ ബൈക്ക് തിരിച്ചെടുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എം80 യില്‍ ഇത് താരതമ്യേനെ എളുപ്പമായിരുന്നു. ഇതുമൂലം ടൂവിലര്‍ ലൈസന്‍സ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണം ചുരുങ്ങും.

ചൊവ്വാഴ്ച കാക്കനാട്ടെ ഇരുചക്രവാഹന ടെസ്റ്റില്‍ 80 പേരില്‍ 51 പേര്‍ വിജയിച്ചതായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രാജേഷ് പറഞ്ഞു. എം 80 ഉപയോഗിച്ചുള്ള അവസാനത്തെ ടെസ്റ്റായതിനാല്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ഇരുചക്ര വാഹനങ്ങള്‍ മാലയിട്ട് അലങ്കരിച്ചുമൊക്കെയാണ് എട്ടെടുക്കാന്‍ കൊണ്ടുവന്നത്.

മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ എന്ന വിഭാഗത്തില്‍ ലൈസന്‍സ് ടെസ്റ്റിന് കാല്‍പ്പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ളതേ ഉപയോഗിക്കാവൂ എന്നാണ് ഡ്രൈവിങ് പരിഷ്‌കരണത്തിന്റെ ഭാഗമായി നിര്‍ദേശിച്ചിരുന്നത്. അതിനാല്‍ത്തന്നെ ഹാന്‍ഡില്‍ ബാറില്‍ ഗിയര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാനാകില്ല. നിര്‍ദേശം നടപ്പാകുന്നതോടെ മോട്ടോര്‍ സൈക്കിളുകള്‍ത്തന്നെ ഉപയോഗിക്കേണ്ടതായി വരും.

നാലുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍/ ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കും. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടപ്രകാരമുള്ള ഡ്രൈവിങ് ക്ഷമത പരിശോധിക്കുന്നതിന് ഇവ അപര്യാപ്തമാണെന്നുകണ്ടാണ് മാറ്റം. ഇത്തരം വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റിന് വിധേയരാകുന്നവര്‍ മാനുവല്‍ ഗിയര്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിക്കുന്നത് സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

1998 മുതൽ ഇരുചക്രവാഹന ലൈസൻസിന് “എട്ട്’ എടുക്കാൻ ഡ്രൈവിങ് സ്കൂളുകാർ ഉപയോഗിച്ചിരുന്നത് ബജാജ് എം 80 വാഹനങ്ങളായിരുന്നു. ഭാരവും ഉയരവും കുറവായ ഈ വാഹനം കമ്പികൾക്കിടയിലൂടെ പെട്ടെന്ന് വളയ്‌ക്കാൻ കഴിയും. വലതുകൈയിൽ മാറാൻകഴിയുന്ന ഗിയറും എം 80യെ ഡ്രൈവിങ് സ്കൂളുകാരുടെ പ്രിയവാഹനമാക്കി മാറ്റി. വെസ്പ, ലാമ്പട്ര തുടങ്ങി വിസ്മൃതിയിലായ ഇരുചക്രവാഹന പട്ടികയിലേക്ക് ഇനി ബജാജ് എം 80 ഇടംപിടിക്കും.

എം 80 ഉപയോഗിച്ച് കാക്കനാട് ഗ്രൗണ്ടിൽ നടന്ന അവസാനദിവസത്തെ ഡ്രൈവിങ് പരീക്ഷയിൽ 80 പേരാണ് പങ്കെടുത്തത്. 51 പേർ വിജയിച്ചു. പരാജയപ്പെട്ടവർക്ക് ഇനി കാലിൽ ഗിയർ മാറ്റുന്ന പുതിയ വാഹനങ്ങളിലാകും പരീക്ഷ. എംവിഐമാരായ എ ആർ രാജേഷ്, അജയരാജ, കെ എസ് സനീഷ് എന്നിവർ ടെസ്റ്റിന് മേൽനോട്ടംവഹിച്ചു.

You cannot copy content of this page