വയനാട് മെഡിക്കല്‍ കോളേജ്: കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടുത്താന്‍ 2 തസ്തികകള്‍ അനുവദിച്ചു

Spread the love

തിരുവനന്തപുരം: വയനാട് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടുത്താന്‍ തസ്തിക മാറ്റത്തിലൂടെ 2 തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു അസി. പ്രൊഫസര്‍ തസ്തികയും ഒരു സീനിയര്‍ റസിഡന്റ് തസ്തികയുമാണ് തസ്തിക മാറ്റം വരുത്തി അനുവദിച്ചത്. വയനാട് മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് സജ്ജമാക്കി കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കിയിരുന്നു. കാത്ത് ലാബില്‍ എക്കോ പരിശോധനകള്‍ നേരത്തെ ആരംഭിച്ചിരുന്നു. രക്തധമനികളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്ന് ചികിത്സ ലഭിക്കും.
രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐ.സി.ഡി. സംവിധാനവും കാത്ത് ലാബിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് എട്ടുകോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാത്ത് ലാബ് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കാത്ത് ലാബ് സി.സി.യു.വില്‍ ഏഴു കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അടുത്തിടെ വയനാട് ജില്ലയില്‍ ആദ്യമായി സിക്കിള്‍ സെല്‍ രോഗിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി നടത്തിയിരുന്നു.

You cannot copy content of this page