Breaking News

ചെളിയിൽ പുതഞ്ഞ് ഒരു ജീവൻ; രക്ഷാകരങ്ങൾക്കായി കാത്തിരിപ്പ്, മുണ്ടക്കൈയിൽ മണ്ണിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം

Spread the love

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ രക്ഷിക്കാൻ ശ്രമം. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുകയാണ്. ശരീരത്തിന്‍റെ പകുതിയോളം ചെളിയില്‍ പുതുഞ്ഞി കിടക്കുന്ന നിലയിലാണ് യുവാവ്. രക്ഷപ്പെടുത്താൻ വിളിച്ചുപറയുന്നുണ്ടെങ്കിലും അടുത്തേക്ക് ആര്‍ക്കും എത്താനായിട്ടില്ല.

ബ്ലോക്ക് പഞ്ചായത്തംഗം രാഘവൻ ആണ് ഏഷ്യാനെറ്റ് ന്യൂസിന് ദൃശ്യങ്ങള്‍ അയച്ചു തന്നത്. സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തകരും പുറപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മല, മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇവിടേക്ക് ആളുകള്‍ക്ക് എത്താനാകുന്നില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവൻ പറഞ്ഞു. നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്. ഇതിനിടയിലാണ് യുവാവ് കുടുങ്ങിയിരിക്കുന്നത്. പ്രദേശത്തുള്ളവര്‍ യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതും മലവെള്ളപ്പാച്ചില്‍ തുടരുന്നതും തടസമായിരിക്കുകയാണ്. പാറക്കെട്ടില്‍ പിടിച്ചുനില്‍ക്കാൻ ആളുകള്‍ വിളിച്ചുപറയുന്നുണ്ട്.

You cannot copy content of this page