സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് സ്വന്തമായി പാസ്റ്ററൽ സെൻ്റർ.

Spread the love

ഗ്രേറ്റ് ബ്രിട്ടൻ :സീറോ മലബാർ സഭയുടെ ഭാഗമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും രൂപതയുടെ ആസ്ഥാനത്തിനുമായി സ്വന്തം ബിൽഡിംഗ് വാങ്ങി. 19-ാം നൂറ്റാണ്ടു മുതൽ ബ്രിട്ടീഷ് കാതോലിസിസത്തിൻ്റെ പ്രധാന കേന്ദ്രമായി ചരിത്രത്തിൽ അറിയപ്പെടുന്ന ബർമിംഗ്ഹാമിലെ ഓൾഡ് ഓസ്കോട്ട് ഹില്ലിൽ (Old Oscott Hill 99, B44 9SR) ആണ് 13,500 ചതുരശ്ര അടി വിസ്താരമുള്ള കെട്ടിടം വാങ്ങിയിരിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ മുഴുവൻ വൈദികരുടെയും സന്യസ്തരുടെയും എല്ലാ മിഷനുകളിൽ നിന്നുമുള്ള വിശ്വാസികളുടെയും തീക്ഷണമായ പ്രാർത്ഥനയുടെയും നിശ്ചയദാർഢ്യത്തോടെയുള്ള ധനസമാഹരണത്തിൻ്റെയും ഫലമായിട്ടാണ് ഈ കെട്ടിടം വാങ്ങുവാൻ കഴിഞ്ഞത്. രണ്ടു മാസത്തിനുള്ളിൽ 1.1 മില്യൺ പൗണ്ട് (ഏതാണ്ട് 11 കോടി രൂപ) സ്വരൂപിച്ചാണ് പാസ്റ്ററൽ സെൻ്ററിനായി രൂപത ഈ കെട്ടിടം സ്വന്തമാക്കിയത്.

സെപ്റ്റംബർ 15ന് സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ റാഫേൽ തട്ടിലിൻ്റെ നേതൃത്വത്തിൽ കെട്ടിടത്തിൻ്റെ വെഞ്ചരിപ്പു കർമ്മങ്ങൾ നടക്കും. ഇന്നലെ (ജൂലൈ 25നു) കെട്ടിടത്തിൻ്റെ താക്കോൽ ലഭിച്ചു. തുടർന്ന് വൈകുന്നേരം 7.30 ന് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ സമൂഹബലിയോടെ പാസ്റ്ററൽ സെൻ്റർ രൂപതയുടെ ഭാഗമായി മാറി.

2016 ജൂലൈ 16-നു ഔദ്യോഗികമായി പ്രവർത്തനം തുടങ്ങിയ ബ്രിട്ടനിലെ
സീറോ മലബാർ രൂപത എട്ടു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് രൂപതാ ആസ്ഥാനവും പാസ്റ്ററൽ സെൻ്ററും സ്വന്തം കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റുന്നത്.

സിസ്റ്റേഴ്സ് ഓഫ് വിർജിൻ മേരി എന്ന സന്യാസിനി വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളായിരുന്നു ഇതുവരെ ഇവിടെ നടന്നിരുന്നത്. ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു വന്ന കന്യാസ്ത്രീകൾക്കായി സെൻ്റ് സിസിലിയ ആബിയാണ് ഈ കെട്ടിടം നിർമ്മിച്ചത്.
1.8 ഏക്കർ സ്ഥലവും കാർ പാർക്കും ഈ പ്രോപ്പർട്ടിയിൽ ഉൾപ്പെടുന്നു. കെട്ടിടത്തിൽ നിലവിൽ 22 ബെഡ് റൂമുകളും 50 പേർക്ക് താമസിക്കാൻ കഴിയുന്ന ഡോർമറ്ററിയും അനുബന്ധ ഹാളുകളും 50 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിംഗ് റൂം, കിച്ചൺ, 100 പേരേ ഉൾക്കൊള്ളുന്ന ചാപ്പൽ എന്നിവയുമുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിയുമ്പോൾ ഇപ്പോഴുള്ളതിൻ്റെ ഇരട്ടി സൗകര്യങ്ങൾ ബിൽഡിംഗിൽ ക്രമീകരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.

ബർമിംഗ്ഹാം, ബ്രിസ്റ്റോൾ – കാർഡിഫ്, കാംബ്രിഡ്ജ്, കാൻ്റർബറി, ലീഡ്സ്, ലെസ്റ്റർ, ലണ്ടൻ, മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ്, പ്രസ്റ്റൺ, സ്കോട്ലാൻഡ്, സൗത്താംപ്ടൺ എന്നിങ്ങനെ പന്ത്രണ്ട് റീജിയനുകളിലായി 70 ഓളം വൈദികരും 4 ഇടവകകളും 55 മിഷനുകളും 31 പ്രൊപ്പോസ്ഡ് മിഷനുകളും ഉൾപ്പെടെ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലായി 90 നഗരങ്ങളിൽ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ നടക്കുന്നു. രൂപതയിൽ വ്യത്യസ്തങ്ങളായ 27 കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ റീജിയനുകൾക്കും ഒരുപോലെ സൗകര്യപ്രദമായ ലൊക്കേഷനിലാണ് പാസ്റ്ററൽ സെൻ്റർ സ്ഥാപിതമായിരിക്കുന്നത്.

പ്രൊട്ടസ്റ്റൻ്റ് വൈദികനും പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട പ്രമുഖ ദൈവശാസ്ത്രജ്ഞനുമായിരുന്ന കർദ്ദിനാൾ ന്യൂമാൻ്റെ പ്രവർത്തനകേന്ദ്രമായിരുന്നു ബർമിംഗ്ഹാമിലെ ഓൾഡ് ഓസ്കോട്ട് ഹിൽ. രൂപതയുടെ പുതിയ പാസ്റ്ററൽ സെൻ്ററിനോട് തൊട്ടടുത്തുള്ള മേരിവെയിൽ (old St Mary’s college renamed as Maryvale institute) സെമിനാരിയിലായിരുന്നു കർദ്ദിനാൾ ന്യൂമാൻ തൻ്റെ അവസാനകാലം വരെ താമസിച്ചത്.

ചുരുങ്ങിയ വർഷങ്ങൾ കൊണ്ടണ് ഒരു ലക്ഷത്തിലേറെ അംഗങ്ങളായി ഗ്രേറ്റ് ബ്രിട്ടൻ രൂപത വളർന്നത്. കുടിയേറ്റക്കാരായി ഇവിടെയെത്തിയ സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെയും പ്രത്യേകിച്ച് ഇവിടെ വളർന്നു വരുന്ന പുതിയ തലമുറയുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനം ലക്ഷ്യമാക്കി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെയും വിവിധ കമ്മീഷനുകളുടെയും നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് യുണൈറ്റഡ് കിംഗ്ഡത്തിലുള്ള മുഴുവൻ മിഷനുകളിലും നടന്നുകൊണ്ടിരിക്കുന്നത്.

You cannot copy content of this page