തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. നാളെ തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പിഎസ്‍സി എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് വേണ്ടിയാണ് ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ 607 സെന്‍ററുകളിലായി നടത്തുന്ന എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികൾക്കായി കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും.
607 സെന്‍ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിവടങ്ങളിൽനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും തിരികെ പോകുവാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കൂടുതൽ ട്രിപ്പുകൾ നടത്തുവാനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799 എന്ന നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – 9497722205 ബന്ധപ്പെടാവുന്നതാണ്.