ആലപ്പുഴ: ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് നിയമ നടപടിയെടുത്തു. ‘ദര്‍ശന’ എന്ന ബോട്ടില്‍ നിന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം ലീഗല്‍ സൈസില്‍ (14 സെ.മീ.) താഴെയുള്ള 300 കിലോ ചെറിയ അയല മത്സ്യം കണ്ടു കെട്ടി നശിപ്പിച്ചത്. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിനു വിരുദ്ധമായി മത്സ്യബന്ധനം നടത്തിയതിനാണ് നടപടി. തോട്ടപ്പള്ളി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് ഹാര്‍ബര്‍ പട്രോളിങ് വിഭാഗം നടത്തിയ പരിശോധനയലാണ് നടപടി.
ചെറുമത്സ്യങ്ങളെ പിടിക്കുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ പിന്മാറണമെന്ന് ഫിഷറീസ് അധികൃതര്‍ ആവശ്യപ്പെട്ടു. വളര്‍ച്ച എത്താത്ത ചെറുമത്സ്യങ്ങള്‍- മത്തി (10 സെ.മീ. താഴെ ), അയല (14 സെ.മീ. താഴെ) പിടിക്കുന്നത് മത്സ്യ സമ്പത്തിന് വിഘാതമാകും. മത്സ്യശോഷണത്തിനും കാരണമാകും. കഴിഞ്ഞ വര്‍ഷം വളര്‍ച്ച എത്താത്ത ചെറു മത്സ്യങ്ങളെ പിടിക്കാത്തത് മൂലം ഈ വര്‍ഷം നല്ല രീതിയില്‍ മത്തി, അയല എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു എന്നും ഫിഷറീസ് അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളിലും കെ എം എഫ് ആര്‍ നിയമത്തിനു എതിരായി ചെറുമത്സ്യങ്ങളെ പിടിക്കല്‍, രജിസ്ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെയുള്ള മത്സ്യ ബന്ധനം എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു, 2.5 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും യാനത്തിലെ മത്സ്യം കണ്ടു കെട്ടി നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് പോലീസ് ഗാര്‍ഡ് സുമേഷ്, ഷാനി, അരുണ്‍ ചന്ദ്രന്‍, മനു, സീ റെസ്‌ക്യൂ ഗാര്‍ഡുമാരായ സെബാസ്റ്റ്യന്‍, വിനോദ്, ജിന്റോ, റോബിന്‍ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.