വിൻഡോസ് കമ്പ്യൂട്ടറുകളിലെ പ്രശ്‌നം തുടരുന്നു; ഇന്നും ലോകം താറുമാറാകും, സമ്പൂര്‍ണ പരിഹാരം നീളും

Spread the love

ന്യൂയോര്‍ക്ക്: ലോകമെങ്ങും വിൻഡോസ് കമ്പ്യൂട്ടറുകളെ ബാധിച്ച ആന്‍റിവൈറസ് തകരാർ പൂര്‍ണമായും പരിഹരിക്കാൻ സമയം എടുക്കുമെന്ന് ക്രൗഡ്‌സ്ട്രൈക്ക് കമ്പനി. കമ്പനിയുടെ സുരക്ഷാ അപ്ഡേറ്റിലെ പിഴവാണ് വലിയ പ്രതിസന്ധിക്ക് വഴിവച്ചത്. പ്രശ്നം പരിഹരിച്ചെങ്കിലും മുഴുവൻ സിസ്റ്റങ്ങളുടെയും റീബൂട്ടിന് സമയമെടുക്കുമെന്ന് ക്രൗഡ്‌സ്ട്രൈക്ക് അധിക‍ൃതര്‍ വ്യക്തമാക്കി.
ഇന്നലെയാണ് ലോക വ്യാപകമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം നിലച്ചത്. സൈബർ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്സ്ട്രൈക്കിന്‍റെ ഫാൽക്കൺ സെൻസർ എന്ന സുരക്ഷാ സോഫ്റ്റ്‍വെയറിലെ അപ്‌ഡേറ്റില്‍ വന്ന പിഴവാണ് മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളെ സാങ്കേതിക പ്രശ്നത്തിലേക്ക് തള്ളിവിട്ടത്. വിന്‍ഡോസ് ഒഎസിന്‍റെ പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടതില്‍ ഉപഭോക്താക്കളോട് ക്രൗഡ്‌സ്‌ട്രൈക്ക് സിഇഒ മാപ്പ് ചോദിച്ചു. ലോകമാകെ ആയിരക്കണക്കിന് വിമാന സർവീസുകളാണ് മുടങ്ങിയത്. നെടുമ്പാശേരിയിൽ നിന്നുള്ള ഇന്നത്തെ അഞ്ച് സർവീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടും. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. ആഗോള വ്യവസായ മേഖലയ്ക്ക് ശതകോടികളുടെ നഷ്ടമാണ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പ്രശ്‌നം സമ്മാനിച്ചത്.

വെള്ളിയാഴ്ച പകൽ ലോകം ഉറക്കമുണർന്നത് അസാധാരണമായ ഒരു പ്രതിസന്ധിയിലേക്കായിരുന്നു. പിന്നാലെ ചരിത്രത്തിലെ എറ്റവും വലിയ ഐടി പ്രതിസന്ധിക്ക് നടുവിൽ ലോകം പകച്ചുനിന്നു. ക്രൗഡ്സ്ട്രൈക്കിന്‍റെ സേവനങ്ങൾ ഉപയോഗിക്കുന്ന ലോകത്തിലെ മുൻനിര കമ്പനികളും എയർപോർട്ടുകളും ബാങ്കുകളും എല്ലാം ഇതോടെ കുഴപ്പത്തിലായി. അമേരിക്കയിലും, യുകെയിലും, ഓസ്ട്രേലിയയിലും വിമാന സർവ്വീസുകളെ പ്രശ്നം കാര്യമായി ബാധിച്ചു. ചെക്ക്-ഇൻ ചെയ്യാനും, ബാഗേജ് ക്ലിയറൻസ് നടത്താനും പോലും പറ്റാത്ത അവസ്ഥ പലയിടത്തുമുണ്ടായി. ഡിസ്പ്ലേ ബോർഡുകൾ പണിമുടക്കിയതോടെ വമ്പൻ വൈറ്റ് ബോർഡുകളിൽ വിമാന സർവ്വീസ് വിവരങ്ങൾ എഴുതിവയ്ക്കേണ്ടിവന്നു ചില എയർപോർട്ടുകളിൽ.

ലോകത്തെ മുൻനിര ബിസിനസ് സ്ഥാപനങ്ങൾ വിശ്വസിക്കുന്ന സൈബർ സുരക്ഷാ കമ്പനിയാണ് ക്രൗഡ്സ്ട്രൈക്ക്. വൈറസുകളിൽ നിന്നും ഹാക്കർമാരിൽ നിന്നും സമ്പൂർണ സുരക്ഷ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ അബദ്ധത്തിന് വലിയ വിലയാണ് ബാങ്കുകൾക്കടക്കം കൊടുക്കേണ്ടി വന്നത്. യുകെയിലെ സ്കൈ ന്യൂസ് ചാനലിന് ഇന്നലെ രാവിലെ സംപ്രേക്ഷണം നടത്താൻ പോലും കഴിഞ്ഞില്ല. ഓസ്ട്രേലിയിയലും പല മാധ്യമ സ്ഥാപനങ്ങളുടെയും പ്രവർത്തനം അവതാളത്തിലായി. സാമ്പത്തിക രംഗത്ത് ക്രൗഡ്സ്ട്രൈക്കിന്‍റെ അബദ്ധമുണ്ടാക്കിയ പ്രതിസന്ധിയുടെ വ്യാപ്തി തെളിഞ്ഞുവരുന്നതേ ഉള്ളൂ. നഷ്ടപ്പെട്ട ഓരോ മിനുട്ടിനും കമ്പനി ഉത്തരം പറയേണ്ടിവന്നേക്കാം.

You cannot copy content of this page