തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും. മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. വിഴിഞ്ഞത്ത് ആദ്യം എത്തിയ സാൻ ഫെർണാണ്ടോ മടങ്ങിയതിന് ശേഷമായിരിക്കും മറീൻ അസറിന്റെ ബർത്തിംഗ് നടക്കുക. കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടു. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സാൻ ഫെർണാണ്ടോ കപ്പൽ തുറമുഖം വിടുന്നത്.
ആദ്യമെത്തിയ സാൻ ഫെർണാണ്ടോയിൽ നിന്ന് ആകെ 1930 കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതിൽ 607 കണ്ടെയ്നറുകൾ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷൻ ചെയ്യുന്ന ജോലികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് ശേഷമാണ് സാൻ ഫെർണാണ്ടോ മടങ്ങുന്നത്.
ആദ്യഘട്ട കമ്മീഷൻ പൂർത്തിയാകുന്ന ഈ വർഷം തന്നെയായിരിക്കും അടുത്ത ഘട്ടവും തുടങ്ങുക. ഇതിന്റെ പ്രവർത്തനങ്ങൾ 2028-ൽ തീർക്കും. നാല് വർഷം കൊണ്ട് 9,600 കോടിയുടെ നിക്ഷേപമാണ് കേരളതീരത്തേക്ക് വരുന്നത്.