Breaking News

കൊല്ലത്തോടടുക്കുന്ന ഐലന്റ് എക്സ്പ്രസ് നിലതെറ്റി വീണത് അഷ്ടമുടി കായലിന്റെ ആഴങ്ങളിലേക്ക്; പൊലിഞ്ഞത് 105 ജീവനുകളും; പെരുമൺ ദുരന്തത്തിന് ഇന്ന് 36 വയസ്

Spread the love

കൊല്ലം: പെരുമൺ ദുരന്തം നടന്നിട്ട് ഇന്നേക്ക് 36 വർഷം. കേരളം കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്നാണ് പെരുമൺ ദുരന്തം. 1988 ജൂലൈ 8‑ന് കൊല്ലം ജില്ലയിലെ പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ— കന്യാകുമാരി ഐലൻറ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേക്ക് മറിയുകയായിരുന്നു. 105 ജീവനുകളാണ് അന്ന് അഷ്ടമുടിക്കായലിന്റെ ആഴങ്ങളിൽ പൊലിഞ്ഞത്. ആ വലിയ ദുരന്ത കാഴ്ചകളുടെ നീറുന്ന് ഓർമ്മകൾ മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അപകട കാരണം ഇപ്പോഴും അഷ്ടമുടിക്കായലിലെ ആഴങ്ങളെ പോലെ ഇപ്പോഴും നി​ഗൂഢമാണ്. ടൊർണാടോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്ന വിശദീകരണം ദുരന്തത്തിൽ കൊല്ലപ്പെട്ട 105പേരുടെ കുടുംബാംഗങ്ങൾ മാത്രമല്ല, കേരള ജനതപോലും ഇന്നും വിശ്വസിച്ചിട്ടില്ല. പക്ഷേ ഒരു ചെറിയ കാറ്റ് പോലും അപകടസമയത്ത് പെരുമണിൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഐലന്റ് എക്സ്പ്രസിന്റെ എട്ടു ബോഗികളാണ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്. ഉച്ചക്കു 12.56നായിരുന്നു സംഭവം. 81 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന ട്രെയിൻ പാലത്തിലെത്തിയപ്പോൾ ബോഗികൾ കായലിലേക്ക് മറിയുകയായിരുന്നു.

1988 ജൂലൈ എട്ടാം തീയതി കൊല്ലത്തോടടുക്കുന്ന ഐലന്റ് എക്സ്പ്രസ്, ബാംഗ്ലൂരിൽ നിന്നും കന്യാകുമാരിയിലേയ്ക്ക് പോകുന്ന തീവണ്ടിയിലെ കൊല്ലത്തേക്കുള്ള യാത്രക്കാർ വണ്ടിയിൽ നിന്നും ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ ലേക്ക് കയറിയ ബാംഗ്ലൂർ‑കന്യാകുമാരി ഐലന്റ് എക്സ്പ്രസ്നെ കാത്ത് വലിയൊരു ദുരന്തം പതുങ്ങിയിരിപ്പുണ്ടായിരുന്നു എന്ന് ആരും തന്നെ അറിഞിരുന്നില്ല . പെരുമൺ പാലത്തിൽനിന്നും പാളംതെറ്റി അഷ്ടമുടിക്കായലിന്റെ ആഴങ്ങളിലേക്ക് ഐലന്ഡ് എക്സ്പ്രസ് ഊളിയിടുമ്പോൾ കൂടെ നൂറ്റിയഞ്ച് ജീവനുകളും അതോടൊപ്പം ആഴങ്ങളിൽ അസ്തമിച്ചു.

അപകടകാരണം കണ്ടെത്താൻ രണ്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടും ടൊർണാഡോ തന്നെയാണ് കാരണമായി പറഞ്ഞത്. ദുരന്തദിനത്തിൽ കോരിച്ചൊരിയുന്ന മഴയിൽ പതിവിലും നേരത്തെയാണ്‌ ഐലന്റ്‌ എക്സ്പ്രസ്‌ എത്തിയിരുന്നത്‌. സംഭവ ദിവസം രാവിലെ തന്നെ പെരുമൺ പാലത്തിന്‌ സമീപം വളവുകളിൽ ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ പാളം തെറ്റാതിരിക്കാനായുള്ള പണികൾ നടന്നിരുന്നു. ജാക്കി വെച്ച്‌ പാളം ഉയർത്തിയ ശേഷം മെറ്റൽ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്‌. ഈ സമയം ട്രെയിനുകൾ വന്നാൽ ജീവനക്കാരൻ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച്‌ എഞ്ചിൻ ഡ്രൈവർ ട്രെയിനിന്റെ വേഗത പത്ത്‌ കിലോമീറ്ററിൽ താഴെയായി കുറയ്ക്കുകയും ചെയ്യണമെന്നാണ്‌ നിയമം. എന്നാൽ അപകടസമയം ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ അടുത്ത കടയിൽ പോയിരുന്നതായാണ്‌ പറയപ്പെടുന്നത്. ഐലന്റ്‌ എക്സ്പ്രസ്‌ 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക്‌ സ്പീഡ്‌ മീറ്ററിൽ ഇത്‌ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിൻ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങൾ അന്നത്തെ തടി സ്ലീപ്പറിൽ ഉണ്ടായിരുന്നു.നാട്ടുകാരും സന്നദ്ധസംഘടനകളും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായാണ് പെരുമൺ ദുരന്തത്തിൽപ്പെട്ട ഒട്ടേറെപ്പേരെ അന്ന് രക്ഷിക്കാൻ കഴിഞ്ഞത്.

അപകടത്തിൽപ്പെട്ട ബോഗികൾ ഉയർത്തുന്നതിനുള്ള റെയിൽവേയുടെ ശ്രമങ്ങൾപോലും പരാജയപ്പെടുകയാണുണ്ടായത്. അപകടം കാണാൻ കൊല്ലത്തേക്കൊഴുകിയ ജനങ്ങൾ അന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് ഉണ്ടാക്കിയ തടസ്സങ്ങൾ ചില്ലറയല്ലായിരുന്നു. ദിനങ്ങൾ അഞ്ച് കഴിഞ്ഞിട്ടും വെള്ളത്തിലാണ്ട് കിടന്നിരുന്ന ബോഗികളിൽ നിന്നും മൃതശരീരങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. അത്രക്ക് ബുദ്ധിമുട്ടാായിരുന്നു. ദുരന്തത്തിൽ മരിച്ച 17 പേർക്ക് യഥാർത്ഥ അവകാശികളില്ലെന്ന തൊടുന്യായം പറഞ്ഞ് റെയിൽവെ അധികാരികൾ നഷ്ടപരിഹാരം നൽകിയിട്ടില്ല. അന്നത്തെ റെയിൽവെ മന്ത്രി മാധവറാവു സിന്ധ്യ വാഗ്ദാനം ചെയ്ത പാരിതോഷികം ഇനിയും പൂർണമായും നൽകിയിട്ടില്ല. മരിച്ച മുതിർന്നവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും കുട്ടികളുടെ രക്ഷകർത്താക്കൾക്ക് 50,000 രൂപയുമായിരുന്നു നഷ്ടപരിഹാരം.എഞ്ചിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗികൾ അഷ്ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു. അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്ന് ഔദ്യോഗിക അന്വേഷണ സംഘം അവകാശപ്പട്ടെങ്കിലും,യഥാർത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ് .റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ബാംഗ്ലൂരിലെ സേഫ്റ്റി കമ്മീഷണർ സൂര്യനാരായണൻ ആദ്യം സൂചിപ്പിച്ചിരുന്നു.

പീന്നീട് റയിൽവേയുടെ മുഖം രക്ഷിക്കാനായി കുറ്റം ചുഴലിക്കാറ്റിൽ ആരോപിക്കുകയായിരുന്നു. തീവണ്ടിയുടെ 10 ബോഗികളാണ് കായലിൽ വീണത്. 200-ഓളം പേർക്ക് പരിക്കേറ്റു.ദുരന്തം നടന്ന ദിവസം പാലത്തിലും പാലത്തിനു സമീപത്തും പാളത്തിൽ ജോലികൾ നടക്കുകയായിരുന്നു. എൻജിൻ പാളം തെറ്റിയത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബോഗികൾ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലേക്ക് വീഴുകയാണുണ്ടായതെന്ന് റെയിൽവേ അധികൃതർ ഒഴികെ ബാക്കിയെല്ലാവരും വിശ്വസിക്കുന്നു. മുൻ വ്യോമസേനാ ഉദ്യൊഗസ്ഥനായ സി.എസ്. നായിക് നടത്തിയ അന്വേഷണത്തിലും ടൊർണാഡോ കാര്യം അടിവരയിട്ടതോടെ പിന്നെ അന്വേഷണമൊന്നും നടന്നില്ല. ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ട്‌ പാർലമെന്റിൽ പോലും വെക്കേണ്ട എന്ന കീഴ്‌വഴ്ക്കം ഇത്‌ തങ്ങളിൽ തന്നെ ഒതുക്കിതീർക്കാൻ റെയിൽവെക്ക്‌ സഹായകമായി.ദുരന്തം നടന്ന സ്ഥലത്ത് റെയിൽവേ നിർമിച്ച സ്മൃതി മണ്ഡപം വർഷങ്ങളായി കാടുപിടിച്ച് കിടക്കുകയായിരുന്നു. റെയിൽവേയുടെ കൈവശമുള്ള ഈഭൂമി തങ്ങൾക്ക് കൈമാറണമെന്ന് സംഘടനകൾ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഇതെല്ലാം അവഗണിച്ചു. മാത്രമല്ല വികസനമെന്ന പേരിൽ അധികൃതർ സ്മൃതി മണ്ഡപം പലതവണ മാറ്റിസ്ഥാപിക്കുകയും ചെയ്തു. റെയിൽവേ അധികൃതർ പെരുമൺ ദുരന്തത്തെ മറന്നുകഴിഞ്ഞു. ദുരന്തത്തിന്റെ വാർഷികദിനാചരണങ്ങളിൽ റെയിൽവേയുമായി ബന്ധപ്പെട്ട ആരും പങ്കെടുക്കാറില്ല.

You cannot copy content of this page