Breaking News

വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി; സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് വീണ്ടും കോടതിയിലേക്ക്

Spread the love

കൊച്ചി: സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് വീണ്ടും കോടതിയിലേക്ക്. ആറ് സര്‍വകലാശാലകളില്‍ വെെസ് ചാന്‍സലർ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണ്ണറുടെ നടപടി സര്‍ക്കാര്‍ ചോദ്യം ചെയ്യും. അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

സംസ്ഥാനത്തെ ആറ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനാണ് ഗവര്‍ണ്ണര്‍ കഴിഞ്ഞദിവസം സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. കേരള, എംജി, കെടിയു, കാര്‍ഷിക, ഫിഷറീസ്, മലയാളം എന്നീ ആറ് സര്‍വകലാശാലകളിലെ വിസിമാരെ തീരുമാനിക്കാനാണ് സെര്‍ച്ച് കമ്മിറ്റി. യുജിസിയുടെയും ചാന്‍സലറുടെയും നോമിനികളെ ഉള്‍പ്പെടുത്തിയായിരുന്നു രാജ്ഭവന്റെ വിജ്ഞാപനം. ഈ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയില്‍ അറിയിക്കുകയും ചെയ്തു.

സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മേരി ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയിലാണ് അഡ്വക്കറ്റ് ജനറല്‍ നിലപാട് അറിയിച്ചത്. യുജിസി നിയമമനുസരിച്ച് സെര്‍ച്ച് കമ്മിറ്റി നിയമനത്തെക്കുറിച്ച് നേരിട്ട് പറഞ്ഞിട്ടില്ല. ഭരണഘടനയുടെ രണ്ടാം പട്ടിക അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനാ വിഷയമാണ് സര്‍വകലാശാല. ഭരണഘടനയുടെ അനുച്ഛേദം 162 അനുസരിച്ച് സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആണ് അധികാരം. കേരള, എംജി സര്‍വകലാശാലകളില്‍ മൂന്നംഗം സെര്‍ച്ച് കമ്മിറ്റിയാണ് രൂപീകരിക്കേണ്ടത്. ഗവര്‍ണ്ണര്‍ രൂപീകരിച്ചത് രണ്ടംഗ സെര്‍ച്ച് കമ്മിറ്റിയെ മാത്രം. സിന്‍ഡിക്കറ്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താതെയുള്ള സെര്‍ച്ച് കമ്മിറ്റി നിയമ വിരുദ്ധവും അമിതാധികാര പ്രയോഗവുമാണ്. സാങ്കേതിക, കാര്‍ഷിക, ഫിഷറീസ്, മലയാളം സര്‍വകലാശാലകളില്‍ വിസിമാരെ നിയമിക്കാന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഗവര്‍ണ്ണറുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കും.

You cannot copy content of this page