തിരുവനന്തപുരം: 15 വർഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കണമെന്ന കേന്ദ്രനിർദേശ പ്രകാരം വാഹനം പൊളിക്കല്‍കേന്ദ്രങ്ങള്‍ തുടങ്ങാൻ ഉടൻ ടെൻഡർ വിളിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ നിയമസഭയില്‍ അറിയിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് പകരമായി കേന്ദ്രധനസഹായമായി 150 കോടി രൂപ ലഭിക്കാനുണ്ട്. ഈ തുക ലഭിക്കാൻ പൊളിക്കല്‍ കേന്ദ്രത്തിന്‍റെ സാക്ഷ്യപത്രം വേണം. ഇതിനാണ് നടപടികള്‍ വേഗത്തിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിലെ ശമ്ബളം ഒറ്റത്തവണയായി നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ നിയമസഭയില്‍ അറിയിച്ചു. ബാങ്ക് ഓവർ ഡ്രാഫ്റ്റിലൂടെയാണ് ധനസമാഹരണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇതു സംബന്ധിച്ച യോഗം ചേർന്നിരുന്നു. ഒന്നരമാസത്തിനകം ഒറ്റത്തവണയായി ശമ്പളം കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ദേശസാത്കൃത റൂട്ടുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കൂടുതല്‍ എ.സി ബസുകള്‍ സർവിസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
ടിക്കറ്റ് ബുക്കിങ്ങിന് ഉള്‍പ്പെടെ റെയില്‍വേ മാതൃകയില്‍ ആപുകള്‍ വികസിപ്പിക്കും. ബസുകളുടെ സ്റ്റാൻഡിലേക്കുള്ള വരവും പോക്കും സ്ക്രീനില്‍ തെളിയും. റെയില്‍വേ മാതൃകയില്‍ അനൗണ്‍സ്മെന്റ് സംവിധാനവും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.