Breaking News

പക്ഷിപ്പനി വരുന്നത് ദേശാടനപ്പക്ഷികൾ വഴി, പക്ഷിവളർത്തൽ നിരോധനം പ്രായോഗികമല്ലെന്ന് കേന്ദ്രസംഘം

Spread the love

ആലപ്പുഴ: പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കാൻ കുറച്ചുകാലത്തേക്ക് പക്ഷിവളർത്തൽ നിരോധിക്കാനുള്ള നീക്കം പ്രായോഗികമല്ലെന്ന് കേന്ദ്രസംഘം ജില്ലാഭരണകൂടത്തെ അറിയിച്ചു. ദേശാടനപ്പക്ഷികൾ വഴിയാണ് പക്ഷിപ്പനി വരുന്നത്. എല്ലാവർഷവും രോഗം പടരാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ നിശ്ചിതകാലത്തേക്ക് നിരോധനം ഏർപ്പെടുത്തുന്നതിൽ കാര്യമില്ലെന്നാണ് അവരുടെ നിരീക്ഷണം. തന്നെയുമല്ല, ലോകത്ത് ഒരിടത്തും അത്തരം രീതി സ്വീകരിച്ചിട്ടില്ലെന്നും അവർ കളക്ടറെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന മൃഗസംരക്ഷണവകുപ്പ് പക്ഷിവളർത്തൽ നിരോധനത്തിൽനിന്ന് പൂർണമായും പിന്നോട്ടുപോയിട്ടില്ലെന്നാണ് വിവരം. സംസ്ഥാനം നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ പഠനറിപ്പോർട്ട് കിട്ടിയശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നാണ് മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞദിവസം വ്യക്തമാക്കിയത്. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാനത്തിനു മാത്രമായി തീരുമാനമെടുക്കാനാകില്ലെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.

അന്തർദേശീയതലത്തിലുള്ള മാനദണ്ഡവും ചട്ടവുമനുസരിച്ചാണ് പക്ഷിപ്പനി നിയന്ത്രണത്തിനുള്ള നടപടി സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകാരോഗ്യസംഘടനയുടെ അഭിപ്രായവും തേടേണ്ടി വരുമെന്നാണ് അവർ പറയുന്നത്. തന്നെയുമല്ല, കേന്ദ്രസംഘം വിയോജിപ്പ് അറിയിച്ചതിനാൽ തീരുമാനം നടപ്പാക്കൽ പ്രായോഗികമാകില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പക്ഷി വളർത്തൽ താത്കാലികമായി നിരോധിക്കാനുള്ള നീക്കം തുടങ്ങിയപ്പോൾത്തന്നെ എതിർപ്പുമായി കർഷകർ രംഗത്തുവന്നിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച് ഫാമുകൾക്ക് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊല്ലുന്നതിനെതിരേയും കർഷകർ രംഗത്തുവന്നു. ആരോഗ്യത്തോടെ വളരുന്ന കോഴികളെ കൊല്ലുന്നതാണ് എതിർപ്പിനിടയാക്കിയിട്ടുള്ളത്.

You cannot copy content of this page