Breaking News

കന്നിയങ്കത്തിനൊരുങ്ങി പ്രിയങ്ക; രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ഒഴിയും

Spread the love

ഡല്‍ഹി: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഇൻഡ്യ മുന്നണിക്ക് കരുത്ത് പകരുകയാണ്. ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ പ്രവർത്തിപരിചയം ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം വയനാട് എം.പി സ്ഥാനം രാജിവയ്ക്കുന്ന രാഹുൽ, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കും.

മൂർച്ചയേറിയ വാക്കുകളിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പോരാട്ടം. 2019ൽ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതല വഹിച്ചിരുന്ന പ്രിയങ്ക പിന്നീട് ഉത്തർപ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി ആയി. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വിവിധ മണ്ഡലങ്ങളിൽ പാർട്ടിക്കുണ്ടാക്കിയ മുന്നേറ്റം പ്രിയങ്ക എന്ന രാഷ്ട്രീയക്കാരിയുടെ ചോദ്യങ്ങൾക്ക് കരുത്തു കൂട്ടുന്നുണ്ട്.

18-ാം ലോക്സഭയിൽ ഇൻഡ്യ മുന്നണിയുടെ നേതൃനിരയിലേക്ക് പ്രിയങ്ക കൂടിയെത്തുന്നതോടെ ലോക്സഭയിൽ കോൺഗ്രസിന്‍റെ കരുത്ത് വർധിക്കുമെന്നാണ് പ്രതീക്ഷ. നിർണായ ഘട്ടത്തിൽ ഉത്തരേന്ത്യയിലെ പാർട്ടിയുടെ വളർച്ചയ്ക്ക് രാഹുൽ ഗാന്ധിയുടെ സീറ്റ് റായ്ബറേലിയിൽ നിലനിർത്തേണ്ടത് അനിവാര്യതയാണ്. കോൺഗ്രസ് പ്രവർത്തകസമിതിയും ഇതേ ആവശ്യം തന്നെയാണ് മുന്നോട്ടുവച്ചത് . രാഹുൽ റായ്ബറേലി നിലനിർത്തി ഉത്തരേന്ത്യയിലെ പ്രവർത്തനം ഏകോപിപ്പിക്കുമ്പോൾ, പ്രിയങ്കയുടെ വയനാട് സീറ്റിലൂടെ ദക്ഷിണേന്ത്യയിൽ നേട്ടം ഉണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് ദേശീയ നേതൃത്വം. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഏറ്റെടുത്തേക്കും എന്നാണ് സൂചന.

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മടങ്ങുന്നത് പ്രിയങ്കാ ഗാന്ധിയെ പകരം നൽകിയാണ്. പ്രതിപക്ഷ പാർട്ടികൾ വിമർശനമുയർത്തുമ്പോഴും യുഡിഎഫിന് പ്രിയങ്കയുടെ വരവ് ഊർജ്ജമാകും. കന്നിയങ്കത്തിനാണ് പ്രിയങ്ക എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

You cannot copy content of this page