Breaking News

വയനാട്ടില്‍ ചര്‍ച്ച ഉപതിരഞ്ഞെടുപ്പ്, കോണ്‍ഗ്രസ് വിയര്‍ക്കും, മല്‍സരം കടുക്കും

Spread the love


കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി റായ്ബറേലി ലോക്‌സഭാ മണ്ഡലം നിലനിര്‍ത്തുന്നതോടെ ഒഴിവ് വരുന്ന വയനാട് മണ്ഡലം ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങും
2019നേക്കാള്‍ ഭൂരിപക്ഷം കുറവാണ് ഇത്തവണ രാഹുല്‍ ഗാന്ധിക്ക്. എല്‍ഡിഎഫ് സിപിഐക്ക് അനുവദിച്ച മണ്ഡലത്തില്‍ ആനി രാജ വീണ്ടും സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയും തള്ളാനാകില്ല. അതുകൊണ്ടുതന്നെ വയനാട് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരം കടുക്കുമെന്ന് തീര്‍ച്ച.

കുടുംബത്തോടൊപ്പം ചേരുമ്ബോഴുള്ള സന്തോഷം വയനാട്ടില്‍ വരുമ്ബോള്‍ കിട്ടുന്നു എന്നാണ് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നത്. 2019ല്‍ പ്രതിസന്ധി കാലത്ത് അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചത് വയനാട്ടുകാരാണ്. എന്നാല്‍ നെഹ്രു കുടുംബത്തിന്റെ തട്ടകമായ റായ്ബറേലി നിലനിര്‍ത്തുന്നത് ദേശീയ രാഷ്ട്രീയത്തില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് ദേശീയ പ്രവര്‍ത്തക സമിതിയില്‍ ഉയര്‍ന്ന വികാരം.

റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വൈകാതെ സന്ദര്‍ശനം നടത്തും. വോട്ടര്‍മാരോട് നന്ദി പറയുന്നതിനാണ് സന്ദര്‍ശനം. ഈ വേളയില്‍ വയനാട് രാജിവയ്ക്കുന്ന കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. രണ്ടിടത്ത് ജയിച്ച സ്ഥാനാര്‍ഥി ഫലം വന്ന് 14 ദിവസത്തിനകം ഏതെങ്കിലും ഒരു മണ്ഡലം രാജിവച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. അങ്ങനെ നോക്കുമ്ബോള്‍ ജൂണ്‍ 17നകം രാജി പ്രഖ്യാപിക്കേണ്ടതുണ്ട്.
പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മല്‍സരിപ്പിച്ച്‌ മണ്ഡലവുമായുള്ള നെഹ്രു കുടുംബത്തിന്റെ ബന്ധം നിലനിര്‍ത്താനുള്ള സാധ്യതയുണ്ട്. പ്രിയങ്ക ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാധ്യത സംബന്ധിച്ച്‌ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രചാരണ കാലത്ത് സൂചിപ്പിച്ചിരുന്നു. അതേസമയം, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് പുറമെ പ്രിയങ്ക ഗാന്ധി കൂടി പാര്‍ലമെന്റിലെത്തുന്നത് കുടുംബാധിപത്യമെന്ന പ്രചാരണത്തിന് ഇടയാക്കും.

പ്രിയങ്ക വന്നില്ലെങ്കില്‍, തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ട കെ മുരളീധരന് വയനാട് മണ്ഡലത്തില്‍ അവസരം നല്‍കാനാണ് സാധ്യത. താനില്ലെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ടെങ്കിലും മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മുരളിയെ മല്‍സരിപ്പിക്കാന്‍ വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുന്‍കൈയ്യെടുത്തേക്കും. പ്രിയങ്കയും കെ മുരളീധരനും മല്‍സര രംഗത്തേക്ക് വരുന്നില്ലെങ്കില്‍ മാത്രമാകും മൂന്നാമതൊരാളെ തേടുക.

ഈ സാഹചര്യത്തില്‍ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിനാകും പരിഗണന. രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് സിദ്ദിഖ്. മാത്രമല്ല, വയനാട്ടില്‍ കോണ്‍ഗ്രസിന്റെ മുഖവുമാണ് അദ്ദേഹം. ആനുപാതികമായി മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചില്ല എന്ന ആക്ഷേപം കോണ്‍ഗ്രസ് നേരിടുന്നനുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാല്‍ സിദ്ദിഖിന് സാധ്യതയേറും.

അതേസമയം, ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് ഈസി വാക്കോവര്‍ ആകില്ല. 2019ല്‍ നിന്ന് 2024ലെത്തുമ്ബോള്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തില്‍ ഒരു ലക്ഷത്തിന്റെ കുറവുണ്ട്. ആനി രാജ എല്‍ഡിഎഫിന് വേണ്ടി വീണ്ടും കളത്തിലിറങ്ങിയാല്‍ മല്‍സരം കടുക്കും. മല്‍സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയാണ് അന്തിമ തീരുമാനം എടുക്കുക എന്ന് ആനി രാജ പറഞ്ഞു.
രാഹുല്‍ വയനാട് ഒഴിയുന്നതില്‍ വോട്ടര്‍മാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് വിയര്‍ക്കാനാണ് സാധ്യത. 25000ത്തില്‍ താഴെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ നിന്ന് ആദ്യം ജയിച്ച എംഐ ഷാനവാസിനുണ്ടായിരുന്നത്. ശേഷം അദ്ദേഹം ഭൂരിപക്ഷം ഉയര്‍ത്തയെന്നത് മറ്റൊരു കാര്യം. മുസ്ലിം ലീഗിന്റെ പിന്തുണ കെ മുരളീധരന് ഉണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എല്‍ഡിഎഫ് സര്‍വ ശക്തിയും പ്രയോഗിക്കുമെന്ന് ഉറപ്പാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ക്ഷീണം മാറ്റാന്‍ ഉപതിരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷം ശ്രമിക്കും.

You cannot copy content of this page