പാകിസ്താന്റെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നിയമനം അംഗീകരിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. നിയമനത്തിലൂടെ പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറി.സി ഡി എഫ് മേധാവി ചുമതലയ്ക്കൊപ്പം കരസേനാമേധാവിയുടെ സ്ഥാനവും അസിം മുനീറിന് തന്നെയായിരിക്കും. കര, നാവിക, വ്യോമസേനകളുടെ ഏകോപനം മെച്ചപ്പെടുത്താനാണ് ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സിഡിഎഫ് രൂപീകരിച്ചത്. എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ധുവിന്റെ സേവനത്തില്‍ രണ്ടു വര്‍ഷത്തെ കാലാവധി നീട്ടുന്നതിനും പാക് പ്രസിഡന്റ് അംഗീകാരം നല്‍കി.
ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് നിയമനത്തിലൂടെ പാകിസ്താന്റെ മിലിറ്ററി വ്യവസ്ഥയില്‍ തന്നെ സുപ്രധാന മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പുതിയ പദവി സൃഷ്ടിച്ചതോടെ മുന്‍പുണ്ടായിരുന്ന ചെയര്‍മാന്‍ ഓഫ് ദി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ഇല്ലാതാകും. 2022 മുതല്‍ പാകിസ്താന്റെ ചീഫ് ഓഫ് ആര്‍മി സ്ഥാനം വഹിക്കുന്നതും അസിം മുനീര്‍ തന്നെയാണ്. പുതിയ സ്ഥാനം കൂടി വരുന്നതോടെ സൈന്യത്തിന്റെ അധികാരം പൂര്‍ണമായും അസിം മുനീറിലേക്ക് കേന്ദ്രീകരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.
