രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ കേസ് ജി പൂങ്കുഴലി ഐപിഎസ് അന്വേഷിക്കും. പരാതി നൽകിയ പെൺകുട്ടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. ലൈംഗികാതിക്രമ വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്.
ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണം സംഘം. ഒമ്പതാം ദിവസവും എംഎല്‍എ ഒളിവില്‍ തന്നെയാണ്. അന്വേഷണം കാസര്‍ഗോഡ്, വയനാട് മേഖലകളിലേക്കും കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തേക്കും ഊര്‍ജിതമാക്കി.
രാഹുലിന്റെ സഹായികള്‍ ഉള്‍പ്പെടെ പൊലിസ് കസ്റ്റഡിയിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും രാഹുലിലേക്ക് എത്താന്‍ കഴിയും എന്നാണ് അന്വേഷണസംഘത്തിന്റെ വിശ്വാസം. അതേസമയം, ഹൈക്കോടതി കൂടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങാനാണ് സാധ്യത. എന്നാല്‍ അതിനു മുന്‍പേ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തത് ഉള്‍പ്പെടെ രാഹുല്‍ എതിരായ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം.
