ബലാത്സംഗ-ഭ്രൂണഹത്യ കേസിൽ പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ.
അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്നാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ച പുതിയ ഹർജിയിൽ പറയുന്നത്. നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിരിക്കുന്നത്.രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവത്തിൽ ഫ്ലാറ്റ് കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് കെയർടേക്കർ മൊഴി നൽകിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്ഐടി സംഘം.
രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങൾ മാത്രമാണ് ഫ്ലാറ്റിലെ ഡിവിആറിൽ നിന്നും അപ്രത്യക്ഷമായത്. ഇതാണ് എസ്ഐടിക്ക് സംശയം ജനിപ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് കുന്നത്തൂര്‍മേട്ടിലെ ഫ്ലാറ്റില്‍ പരിശോധന നടത്തിയപ്പോഴാണ്, വ്യാഴാഴ്ചത്തെ മാത്രം സിസിടിവി ദൃശ്യങ്ങൾ കാണാനില്ലെന്ന് ബോധ്യപ്പെട്ടത്.
അതേസമയം ബലാത്സംഗ-ഭ്രൂണഹത്യ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിന് പിന്നാലെ ജയിലിലേക്ക് പോകുന്നവരുടെ എണ്ണം കൂടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൂന്ന് ദിവസത്തിനിടയിൽ സംസ്ഥാന വ്യാപകമായി 20 കേസുകൾ രജിസ്റ്റർ ചെയ്തു.
കണ്ണൂരിൽ സുനിൽമോൻ KM എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്ക് എതിരെ ആണ് കേസ് എടുത്തത്. അതിജീവിതയുടെ ഫോട്ടോ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് നടപടി. എറണാകുളം സൈബർ പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. റസാഖ് പി എ, രാജു വിദ്യകുമാർ എന്നിവർക്കെതിരെയാണ് IT ആക്ട് പ്രകാരം കേസ് എടുത്തത്. ചില കേസുകളിൽ ജാമ്യമില്ല വകുപ്പും ചുമത്തിയിട്ടുണ്ട്. അതിജീവിതയെ സൈബർ ഇടതിൽ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിർദേശം.
