Breaking News

സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക്; പക്ഷേ, അടി കിട്ടിയത് ഈ നിക്ഷേപകര്‍ക്ക്, 576 ഓഹരികളില്‍ 30% വരെ ഇടിവ്!

Spread the love

ഇന്ത്യന്‍ ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തിന് തൊട്ടടുത്ത് എത്തി നില്‍ക്കുമ്പോള്‍ തന്നെ, ചെറുകിട നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്ന വലിയൊരു തകര്‍ച്ച നടക്കുകയാണ് വിപണിയില്‍. സെന്‍സെക്സും നിഫ്റ്റിയും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് നീങ്ങുമ്പോഴും, ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത 576 ഓഹരികള്‍ അവയുടെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് കുറഞ്ഞത് 30 ശതമാനമെങ്കിലും ഇടിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 463 ഓഹരികള്‍ക്ക് വിലയുടെ മൂന്നിലൊന്ന് നഷ്ടമായി, അതില്‍ത്തന്നെ ഏകദേശം 100 ഓഹരികളുടെ വില പകുതിയായി കുറഞ്ഞു. പ്രധാന സൂചികകള്‍ മാത്രം കുതിച്ചുയരുകയും ഭൂരിഭാഗം ഓഹരികളുടെ വില താഴുകയും ചെയ്യുന്ന ഈ വിചിത്രമായ പ്രതിഭാസം ചെറുകിട നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോകളെ വലിയ തിരിച്ചടിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

തകര്‍ന്നടിഞ്ഞത് ഈ ഓഹരികള്‍
വിലയിടിവ് സംഭവിച്ച ഓഹരികളുടെ പട്ടിക ഞെട്ടിക്കുന്നതാണ്. മൊബിക്വിക്ക് അതിന്റെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് 66% ഇടിഞ്ഞു. തേജസ് നെറ്റ്വര്‍ക്ക്സ്, എസ്‌കെഎഫ് ഇന്ത്യ, പ്രജ് ഇന്‍ഡസ്ട്രീസ്, ഈസി ട്രിപ്പ് പ്ലാനേഴ്‌സ്, ശക്തി പമ്പ്‌സ്, റിലയന്‍സ് പവര്‍, പ്രോട്ടീന്‍ ഇ-ഗോവ്, ഈപാക്ക് ഡ്യൂറബിള്‍, സീമെന്‍സ്, ഓല ഇലക്ട്രിക് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികള്‍ക്ക് 50 ശതമാനത്തിലധികം ഇടിഞ്ഞു.

തിരിച്ചടിയുടെ കാരണം ഇത്
ഈ ഇടിവിന് പ്രധാന കാരണം ഓഹരികളുടെ വാല്വേഷന്‍ വളരെയധികം ഉയര്‍ന്നതാണ് എന്ന് വിപണി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏതാനും വലിയ കമ്പനികളിലേക്ക് മാത്രം പണം ഒഴുകി എത്തുന്നതും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി. കോവിഡിന് ശേഷം മിഡ്, സ്മോള്‍ ക്യാപ് ഓഹരികളുടെ മികച്ച പ്രകടനത്തില്‍ ആകര്‍ഷിക്കപ്പെട്ട ചെറുകിട നിക്ഷേപകര്‍, വാല്വേഷന്‍ പരിഗണിക്കാതെ ഈ വിഭാഗത്തിലെ ഓഹരികളില്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങി. എസ്‌ഐപി വഴിയുള്ള പണത്തിന്റെ ഒഴുക്കും വര്‍ധിച്ചതോടെ ഓഹരികളുടെ വില റോക്കറ്റ് പോലെ ഉയര്‍ന്നു. ഇത് ഈ ഓഹരികളിലെ വാല്വേഷന്‍ ഉയരുന്നതിന് വഴിവച്ചു. നിഫ്റ്റിയുടെ സമീപകാലത്തെ മുന്നേറ്റത്തിന്റെ 60% ലധികം സംഭാവന ചെയ്തിരിക്കുന്നത് വിരലിലെണ്ണാവുന്ന വലിയ ഓഹരികളാണ്. ഇത് വിപണിയുടെ മുന്നേറ്റം ദുര്‍ബലവും പരിമിതവുമാണ് എന്ന് തെളിയിക്കുന്നതാണ്. ഈ വര്‍ഷം മാത്രം നിഫ്റ്റി സ്മോള്‍ ക്യാപ് 100 സൂചികയിലെ 43 ഓഹരികള്‍ക്ക് 20% മുതല്‍ 60% വരെ ഇടിവ് സംഭവിച്ചു.വിപണി എപ്പോള്‍ കരകയറും?
പോര്‍ട്ട്ഫോളിയോ നഷ്ടത്തില്‍ നില്‍ക്കുമ്പോഴും സൂചികകള്‍ പുതിയ ഉയരത്തില്‍ എത്തുന്നത് കണ്ട് വിഷമിച്ചിരിക്കുന്ന നിക്ഷേപകര്‍ക്ക് മുന്നിലുള്ള ചോദ്യം ഇതാണ്: വിപണി എപ്പോഴാണ് തിരിച്ചുവരിക? വാല്വേഷന്‍ സാധാരണ നിലയിലേക്ക് എത്തിയാല്‍ മാത്രമേ വിപണിയില്‍ ഒരു സുസ്ഥിരമായ മുന്നേറ്റം ഉണ്ടാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ അടുത്ത രണ്ട് പാദങ്ങളിലെ കമ്പനികളുടെ വരുമാനം മെച്ചപ്പെട്ടാല്‍ മാത്രമേ വിപണിയില്‍ വലിയൊരു മാറ്റം പ്രതീക്ഷിക്കാനാകൂ എന്നും, ഇപ്പോള്‍ എല്ലാവരും ജാഗ്രതയോടെ വിപണിയെ സമീപിക്കേണ്ട സമയമാണെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

You cannot copy content of this page