ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഒരു മികച്ച ഫയല്‍ ഷെയറിങ് സൗകര്യമായിരുന്നു എയര്‍ഡ്രോപ്പ്. ഇതുവരെ ഐഫോണ്‍, ഐപാഡ്, മാക്ക് എന്നിവ തമ്മില്‍ മാത്രമേ എയര്‍ഡ്രോപ്പ് ഉപയോഗിച്ച് അതിവേഗവും സുരക്ഷിതവുമായി ഫയലുകള്‍ കൈമാറാന്‍ കഴിഞ്ഞിരുന്നുള്ളൂ. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്കോ മറ്റ് പ്ലാറ്റ്ഫോമുകളിലേക്കോ എയര്‍ഡ്രോപ്പ് ഉപയോഗിച്ച് ഫയല്‍ അയക്കാന്‍ ഒരിക്കലും സാധിച്ചിരുന്നില്ല. ഇതിന് പകരമായി ഗൂഗിള്‍ ആന്‍ഡ്രോയിഡിനായി ക്വിക്ക് ഷെയര്‍ (മുന്‍പ് Nearby Share) എന്ന സംവിധാനം ലഭ്യമാക്കിയിരുന്നു. പക്ഷേ, ക്വിക്ക് ഷെയറും പ്രധാനമായും ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ തമ്മിലുള്ള ഫയര്‍ കൈമാറ്റത്തിന് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.
അതായത്, ഐഫോണിലേക്കോ അതില്‍ നിന്ന് തിരിച്ചോ ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ആന്‍ഡ്രോയിഡിലും എയര്‍ഡ്രോപ്പ് പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിള്‍. അതും ആപ്പിളിന്റെ സഹായമില്ലാതെ.
എയര്‍ഡ്രോപ്പ് ഇനി ആന്‍ഡ്രോയിഡിലും പ്രവര്‍ത്തിക്കും!
ആപ്പിളിന്റെ ഒരു സഹായവും ഇല്ലാതെ, പൂര്‍ണമായും ഗൂഗിളിന്റെ സ്വന്തം സാങ്കേതികവിദ്യയിലൂടെയാണ് ഈ പുതിയ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഈ അപ്‌ഡേറ്റ് ആദ്യം പിക്‌സല്‍ 10 സീരീസിലാണ് ലഭിക്കുക. പിന്നീട് മറ്റ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്കും ലഭ്യമാക്കും. ചിത്രങ്ങള്‍, ഡോക്യുമെന്റുകള്‍, മറ്റ് ഫയലുകള്‍ എന്നിവയെല്ലാം ആന്‍ഡ്രോയിഡില്‍ നിന്ന് ആപ്പിള്‍ ഉപകരണങ്ങളിലേക്കും തിരിച്ചും തേഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കാതെ അയക്കാനാവും.
എങ്ങനെ ആന്‍ഡ്രോയിഡിലേക്ക് എയര്‍ഡ്രോപ്പ് ചെയ്യാം?
പിക്‌സല്‍ 10 ഫോണില്‍ നിന്ന് ഐഫോണിലേക്ക് ഫയലുകള്‍ അയക്കുന്നതിന്, ആദ്യം ഐഫോണിലെ എയര്‍ഡ്രോപ്പ് എല്ലാവര്‍ക്കും കണ്ടെത്താനാവും വിധം ഓണ്‍ ആക്കിവെക്കണം.
ഫയല്‍ തിരഞ്ഞെടുത്ത് ഷെയര്‍ ബട്ടനില്‍ ടാപ്പ് ചെയ്ത് ക്വിക്ക് ഷെയര്‍ തിരഞ്ഞെടുക്കുക. അപ്പോള്‍ സ്‌ക്രീനില്‍ ഐഫോണിന്റെ പേരും കാണാനാവും. അതില്‍ ടാപ്പ് ചെയ്താല്‍ ഫയല്‍ ഐഫോണിലേക്ക് അയക്കാം.ഇതുതന്നെയാണ് ഐഫോണില്‍ നിന്ന് പിക്‌സല്‍ 10 ലേക്ക് ഫയലുകള്‍ അയക്കുമ്പോഴും ചെയ്യേണ്ടത്. പിക്‌സല്‍ 10 ലെ ക്വിക്ക് ഷെയര്‍ എല്ലാവര്‍ക്കും കണ്ടെത്താനാവും വിധം ഓണ്‍ ചെയ്യുക. ഐഫോണ്‍ എയര്‍ഡ്രോപ്പ് വഴി ഫയല്‍ അയക്കാന്‍ ശ്രമിക്കുമ്പോള്‍ പിക്‌സല്‍ 10 ഡിവൈസിന്റെ പേരും സ്‌ക്രീനില്‍ കാണാം. ഇതില്‍ ടാപ്പ് ചെയ്താല്‍ ഫയല്‍ കൈമാറ്റം ചെയ്യാം.
ആപ്പിളിന്റെ സഹായമില്ലാതെ ഇതെങ്ങനെ ചെയ്തു?
ആപ്പിളുമായി സഹകരിച്ച് ഇങ്ങനെയൊരു ക്രോസ് പ്ലാറ്റ്‌ഫോം ഷെയറിങ് എളുപ്പം ചെയ്യാനാകുന്നതാണ്. എന്നാല്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന ക്വിക്ക് ഷെയര്‍ അപ്‌ഡേറ്റ് ആപ്പിളുമായുള്ള സഹകരണത്തിലൂടെ ഒരുക്കിയതല്ല. ഗൂഗിളിന്റെ തന്നെ സ്വന്തം സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്ല. നിലവില്‍ ഇതില്‍ ആപ്പിളുമായി സഹകരണമില്ലെങ്കിലും ക്രോസ് പ്ലാറ്റ്‌ഫോം ഫയല്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് ഭാവിയില്‍ സഹകരിക്കുന്നതിന് തങ്ങള്‍ തയ്യാറാണെന്ന് ഗൂഗിളിന്റെ വക്താവ് അലക്‌സ് മോറികോനി ദി വെര്‍ജിനോട് പറഞ്ഞു.
ക്വിക്ക് ഷെയറില്‍ നിന്ന് എയര്‍ഡ്രോപ്പിലേക്കുള്ള ഫയല്‍ കൈമാറ്റം സുരക്ഷിതമാണോ?
സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് ഈ സൗകര്യം ഒരുക്കിയതെന്ന് ഗൂഗിള്‍ പറയുന്നു. ഡാറ്റ സുകക്ഷിതമായിരിക്കുമെന്നും സ്വതന്ത്ര സുരക്ഷാ ഗവേഷകര്‍ പരിശോധിച്ച് ഉറപ്പിച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു. ഉപകരണങ്ങള്‍ തമ്മില്‍ നേരിട്ടുള്ള കൈമാറ്റമാണ് നടക്കുന്നതെന്നും സെര്‍വറുകള്‍ വഴിയല്ല അത് നടക്കുന്നതെന്നും ഗൂഗിള്‍ ഒരു ബ്ലോഗ്‌പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ആപ്പിള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത് എത്തുന്നതോടെ മാത്രമേ പുതിയ സൗകര്യം എല്ലാവര്‍ക്കുമായി പ്രയോജനം ചെയ്യുകയുള്ളൂ. അതേസമയം, ആപ്പിളിന്റെ പങ്കാളിത്തമില്ലാതെ ഇങ്ങനെ ഒരു സംവിധാനം ഒരുക്കുന്നതില്‍ നിയമപ്രശ്‌നങ്ങളുണ്ടോ എന്നും ആപ്പിള്‍ ഇതിനോട് എങ്ങനെയാണ് പ്രതിരിക്കുകയെന്നും വ്യക്തമല്ല.
