Breaking News

ഇന്ത്യയുടെ പുതിയ തീരുമാനം ഗുണകരം, കൊച്ചിയിലും കോഴിക്കോടും ഉൾപ്പെടെ വിസ ഓൺ അറൈവൽ സൗകര്യം

Spread the love

അബുദാബി: യുഎഇ പൗരന്മാർക്കായുള്ള വിസ ഓൺ അറൈവൽ പദ്ധതി ഇന്ത്യ വിപുലീകരിച്ചു. ഇതോടെ, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് എന്നീ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയും യുഎഇ പൗരന്മാർക്ക് വിസ ഓൺ അറൈവൽ വഴി പ്രവേശനം സാധ്യമാകും. നിലവിൽ ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എയർപോർട്ടുകളിലാണ് ഈ സൗകര്യം ലഭിക്കുന്നത്.

ഇതോടെ യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളില്‍ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമായതായി ഇന്ത്യൻ എംബസി അറിയിച്ചു. നേരത്തെ ഇന്ത്യൻ ഇ-വിസയോ സാധാരണ വിസയോ കൈവശമുള്ള യുഎഇ പൗരന്മാർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ യാത്രക്കാർ വിസ ഓൺ അറൈവലിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ഡിസെംബാർക്കേഷൻ കാർഡിനൊപ്പം സമർപ്പിക്കണം. ഇത് ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഇ-അറൈവൽ പോർട്ടൽ വഴിയോ ‘ഇന്ത്യൻ വിസ സു-സ്വാഗതം’ മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി പൂരിപ്പിക്കാവുന്നതാണ്.

ഈ പദ്ധതി പ്രകാരം, യുഎഇ സന്ദർശകർക്ക് ടൂറിസം, ബിസിനസ്, കോൺഫറൻസുകൾ, മെഡിക്കൽ ആവശ്യങ്ങൾ എന്നിവയ്ക്കായി 60 ദിവസം വരെ ഇന്ത്യയിൽ തങ്ങാൻ കഴിയും. 60 ദിവസത്തിനുള്ളിൽ രണ്ട് തവണ വരെ രാജ്യത്തേക്ക് പ്രവേശിക്കാൻ വിസ അനുവദിക്കുന്നു. പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം.യാത്രക്കാർ താമസ സൗകര്യം, ആവശ്യത്തിന് പണം, മടക്കയാത്ര അല്ലെങ്കിൽ തുടർന്നുള്ള യാത്ര എന്നിവയുടെ തെളിവുകൾ നൽകാൻ ആവശ്യപ്പെട്ടാൽ ഹാജരാക്കണം. യുഎഇ സ്വദേശികളുടെ മാതാപിതാക്കളോ മുത്തശ്ശീമുത്തശ്ശന്മാരോ പാകിസ്ഥാനിൽ ജനിച്ചവരോ സ്ഥിര താമസക്കാരായവരോ ആണെങ്കില്‍ അത്തരക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമല്ല. അത്തരം അപേക്ഷകർ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നോ ദുബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫീസിൽ നിന്നോ വിസ നേടേണ്ടതുണ്ട്.

വിസ ഓൺ അറൈവലിനുള്ള ഫീസ് കുട്ടികൾ ഉൾപ്പെടെ ഒരു യാത്രക്കാരന് 2,000 രൂപയായി തുടരും. ഒരു വർഷത്തിനുള്ളിൽ ഒരു യുഎഇ പൗരന് ഈ സൗകര്യം എത്ര തവണ ഉപയോഗിക്കാം എന്നതിന് നിയന്ത്രണങ്ങളില്ല.

പ്രവേശന കവാടങ്ങൾയുഎഇ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാക്കുന്ന ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങൾ ഇവയാണ്

ന്യൂഡൽഹി

മുംബൈ

കൊൽക്കത്ത

ചെന്നൈ

ബംഗളൂരു

ഹൈദരാബാദ്

കൊച്ചി

കോഴിക്കോട്

അഹമ്മദാബാദ്

You cannot copy content of this page