പാകിസ്താനും ശ്രീലങ്കയുമായുള്ള ഏകദിന പരമ്പര ഇന്ന് തുടങ്ങാനിരിക്കെ സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി ശ്രീലങ്കന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്നാണ് സുരക്ഷ പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്. ടീമിലെ നിരവധി അംഗങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് (എസ്എല്‍സി) ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. അതേ സമയം താരങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ആവശ്യമായതെല്ലാം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയ്യുമെന്ന് വ്യക്തമാക്കിയ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് 2025 ലെ ശ്രീലങ്കന്‍ പര്യടനം ഷെഡ്യൂള്‍ ചെയ്തതുപോലെ തുടരുമെന്ന് ഉറപ്പ് നല്‍കി.
ടൂര്‍ണമെന്റ് പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള ആഗ്രഹം ഏതാനും താരങ്ങള്‍ പ്രകടിപ്പിച്ചതായി ടീം മാനേജ്‌മെന്റ് ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസ്എല്‍സി) കളിക്കാരുമായി ഉടന്‍ ആശയവിനിമയം നടത്തി. പിന്നീട് പിസിബിയുമായും സംസാരിച്ച് ടൂര്‍ണമെന്റ് നിശ്ചയിച്ചത് പോലെ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡും സുരക്ഷ ഉദ്യോഗസ്ഥരും നടത്തിയ സുരക്ഷ ക്രമീകരണങ്ങളില്‍ എസ്എല്‍സി തൃപ്തി അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ടൂര്‍ണമെന്റില്‍ തുടരാന്‍ എല്ലാ കളിക്കാര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും മാനേജുമെന്റിനും നിര്‍ദ്ദേശം നല്‍കിയതായി എസ്എല്‍സി വൃത്തി വ്യക്തമാക്കി. അതേ സമയം ഏതെങ്കിലും കളിക്കാരനോ സ്റ്റാഫ് അംഗമോ ശ്രീലങ്കയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയാണെങ്കില്‍ പരമ്പര മാറ്റി വെക്കുമെന്ന കാര്യം ആലോചിക്കുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.
