നെല്ല് സംഭരണത്തിൽ സർക്കാരിനെ വിമർശിച്ച് കത്തോലിക്ക സഭാ മുഖപത്രം ദീപിക. നെൽപ്പാടങ്ങളിൽ കൊയ്ത്തിനു പിന്നാലെ കണ്ണീർ കൊയ്ത്തിന്റെ കാലമെന്ന് മുഖപ്രസംഗം. കർഷകരുടെ അധ്വാനഫലം വെച്ച് മില്ലുടമകൾ വിലപേശുന്നു. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ മലയാളിക്ക് ചോറുണ്ണാൻ പത്തായം പേറേണ്ടിവരുമെന്നും പത്തു വർഷം കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും വിമർശനത്തിൽ പറയുന്നു.
കേരളത്തിലെ മുഴുവൻ നെല്ലും സംഭരിക്കാനുള്ള ചുമതല സപ്ലൈകോയ്ക്കാണ്. ഇത് അരിയാക്കി തിരികെ നൽകാൻ മില്ലുകളെയാണ് അവർ ചുമതലപ്പെടുത്തുന്നതെങ്കിലും ഓരോ കൊയ്ത്തുകാലത്തും വിവിധ വാദങ്ങളുന്നയിച്ച് മില്ലുടമകൾ വിലപേശും. ഇത്തവണ പഞ്ചായത്തു തിരഞ്ഞെടുപ്പ് ആസന്നമായതുകൊണ്ട് സർക്കാർ പതിവിലേറെ അനങ്ങുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ കാര്യമറിയാവുന്ന മില്ലുടമകളും തന്ത്രപരമായ നീക്കത്തിലാണ് മുഖപ്രസംഗത്തിൽ പറയുന്നു.
അതേസമയം, നെൽകൃഷിയല്ലാതെ മറ്റൊരു വരുമാനമാർഗവുമില്ലാത്ത ആയിരക്കണക്കിനു കർഷകരുണ്ട് കേരളത്തിൽ. വിതയും വളമിടലും കൊയ്ത്തും മെതിയുംപോലെ നെല്ല് സംഭരണം ആവശ്യപ്പെട്ടുള്ള സമരവും അവരുടെ കൃഷിയുടെ ഭാഗമായി. ഈ കർഷകരും അവരുടെ അധ്വാനഫലം വച്ചു വിലപേശുന്ന മില്ലുകാരും 10 കൊല്ലമായിട്ട് ഇതിനൊരു പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലാത്ത സർക്കാരും കേരളത്തിലെ നെൽകൃഷിയുടെ ദുരന്തകാഴ്ചയാണെന്നും വിമർശനത്തിൽ പറയുന്നു.
