തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതിരേഖ പ്രകാരമായിരിക്കും കേരളം അനുമതിയ്ക്കായി കേന്ദ്രത്തെ സമീപിക്കുക. എണ്ണായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ഒരു ഡിപിആര്‍ തയാറാക്കിയിരുന്നു. എന്നാല്‍ അതില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടായിരുന്നുവെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഡിഎംആര്‍സിയുമായിട്ട് ഡിപിആറിന്റെ കാര്യം ചര്‍ച്ച ചെയ്യും. വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്ക് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്ക് അപേക്ഷിക്കും. ഇതിന് ശേഷമാകും മറ്റ് നടപടികള്‍ ആരംഭിക്കുകയെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
30 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയും. പുതിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. തിരുവനന്തപുരത്ത് വേഗം നിര്‍മാണ് പൂര്‍ത്തിയാക്കാന്‍ അനുകൂലമായ സമയമാണ്. കൊച്ചിയില്‍ രണ്ടാം ഘട്ടം 2026 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തിരുവനന്തപുരത്ത് എല്ലാ സ്റ്റേഷനുകളിലും പാര്‍ക്കിങ് സ്ഥലം ഉണ്ടാക്കും. കൊച്ചിയില്‍ അതിന് പറ്റിയില്ലായിരുന്നു. നല്ല രീതിയില്‍ നിര്‍മാണം കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സ്ഥലം ഏറ്റെടുക്കല്‍ വേണ്ടി വരുമെന്ന് അദേഹം അറിയിച്ചു.
തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചിരുന്നു. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകളാണ് ഉണ്ടാകുക. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈൻമെന്റാണ് അംഗീകരിച്ചത്.
