Breaking News

80 ശതമാനം സ്ട്രൈക്ക് റേറ്റ്! ‘ഡീയസ് ഈറേ’യിലൂടെ ആ നേട്ടവും; താരമൂല്യം ഉയര്‍ത്തി പ്രണവ് മോഹന്‍ലാല്‍

Spread the love

പ്രണവിന് ശരിക്കും സിനിമയോട് താല്‍പര്യമുണ്ടോ, നായകനായുള്ള അരങ്ങേറ്റ ചിത്രമായ ആദി മുതല്‍ സോഷ്യല്‍ മീഡിയയിലും സിനിമാപ്രേമികളുടെ ചര്‍ച്ചകളിലും എണ്ണമറ്റ തവണ ഉയര്‍ന്നുകേട്ട ചോദ്യമാണ് അത്. ആധുനിക മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികളുടെ ഭാഗമായി ചെയ്തുവച്ചിരിക്കുന്നത് എന്താണോ അതിന്‍റെ പല മടങ്ങ് പ്രതീക്ഷിക്കാമെന്ന് റിലീസിന് മുന്‍പ് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ കൊടുക്കുന്ന ഭൂരിപക്ഷത്തില്‍ നിന്ന് എപ്പോഴും വേറിട്ടുനിന്ന സാന്നിധ്യമായിരുന്നു പ്രണവ് മോഹന്‍ലാല്‍. സിനിമയുടെ വെള്ളിവെളിച്ചത്തിന് പുറത്ത് തന്‍റെ സ്വകാര്യതയോടും സിനിമയ്ക്ക് പുറത്തുള്ള തന്‍റെ താല്‍പര്യങ്ങളോടും കോംപ്രമൈസ് ചെയ്യാതിരുന്നതാണ് ഇയാള്‍ ശരിക്കും താല്‍പര്യത്തോടെ സിനിമയില്‍ വന്ന ആളാണോ എന്ന് സിനിമാപ്രേമികളെക്കൊണ്ട് ചോദിപ്പിച്ചത്. പക്ഷേ മലയാള സിനിമയിലെ യുവതാരങ്ങളില്‍ മറ്റ് പലര്‍ക്കും ഇല്ലാത്ത സ്ട്രൈക്ക് റേറ്റ് ആണ് ശരിക്കും പ്രണവ് മോഹന്‍ലാലിന്. ഏറ്റവും പുതിയ ചിത്രമായ ഡീയസ് ഈറേയിലൂടെ മലയാളത്തില്‍ അത്യപൂര്‍വ്വമായ മറ്റൊരു ബോക്സ് ഓഫീസ് നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് പ്രണവ്.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. ഇതോടെ ഹാട്രിക് 50 കോടി ക്ലബ്ബ് എന്ന നേട്ടത്തിലും എത്തിയിരിക്കുന്നു അദ്ദേഹം. നായകനായി എത്തിയ തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങള്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുക പ്രണവിന് മുന്‍പ് ഒരേയൊരാള്‍ക്കേ മലയാളത്തില്‍ നേടാനായിട്ടുള്ളൂ. അത് പ്രണവിന്‍റെ അച്ഛന്‍ സാക്ഷാല്‍ മോഹന്‍ലാലിനാണ്. രണ്ട് പേരും ഈ നേട്ടം സ്വന്തമാക്കുന്നത് ഈ വര്‍ഷം തന്നെ എന്നതും കൗതുകം. മോളിവുഡിന്‍റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലത് തകര്‍ത്ത എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നീ ചിത്രങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ഈ നേട്ടം സ്വന്തമാക്കിയത്. പ്രണവിന് ഈ നേട്ടം നേടിക്കൊടുത്തത് ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം, ഡീയസ് ഈറേ എന്നീ ചിത്രങ്ങളും.

മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആയ മോഹന്‍ലാലിന് ശേഷം ഈ നേട്ടം സ്വന്തമാക്കി എന്നത് മാത്രമല്ല, ഡീയസ് ഈറേ കൂടി വിജയിച്ചതോടെ പ്രണവ് മോഹന്‍ലാലിന്‍റെ ബോക്സ് ഓഫീസ് സ്ട്രൈക്ക് റേറ്റും ഇന്‍ഡസ്ട്രിയുടെ ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ നായകനായി അഞ്ച് ചിത്രങ്ങളില്‍ മാത്രമാണ് പ്രണവ് അഭിനയിച്ചിട്ടുള്ളത്. അതില്‍ നാല് ചിത്രങ്ങളും ബോക്സ് ഓഫീസ് വിജയങ്ങളാണ്. നായകനായുള്ള അരങ്ങേറ്റ ചിത്രമായ ആദി, ഹൃദയം, വര്‍ഷങ്ങള്‍‍ക്കു ശേഷം, ഡീയസ് ഈറേ എന്നിവ വിജയിച്ചപ്പോള്‍ തിരിച്ചടി നേരിട്ട ഒരേയൊരു ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് മാത്രമാണ്. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഒരു ചിത്രം മാത്രമാണ് ചെയ്യുന്നതെങ്കിലും അത് വിജയിക്കുന്നത് ഇന്‍ഡസ്ട്രിയില്‍ പ്രണവിന്‍റെ താരമൂല്യം ഉയര്‍ത്തുകയാണ്. അദ്ദേഹത്തെ തേടി ഇനിയും ശ്രദ്ധേയ സംവിധായകരും പ്രോജക്റ്റുകളും എത്തുമെന്നും ഉറപ്പാണ്. അപ്കമിംഗ് ലൈനപ്പും ശ്രദ്ധയോടെ തെരഞ്ഞെടുക്കുക എന്നതാണ് പ്രണവ് മോഹന്‍ലാലിന് മുന്നിലുള്ള വെല്ലുവിളി.

You cannot copy content of this page