Breaking News

സഞ്ജു സാംസണ്‍ കളിക്കില്ല; ഓസീസിനെതിരെ നാലാം ടി20യില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

Spread the love

ക്യൂന്‍സ്‌ലാന്‍ഡ്: ഓസ്‌ട്രേലിയക്കെതിരെ നാളെ നാലാം ടി20 മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ മത്സരം വീതം ജയിച്ചുകഴിഞ്ഞു. ആദ്യ ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. നാളെ ജയിക്കുന്നവര്‍ക്ക് പരമ്പരയില്‍ മുന്നിലെത്താം. പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജു സാംസണ്‍ കളിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം ടി20യില്‍ സഞ്ജു കളിച്ചിരുന്നില്ല. പകരം ജിതേഷ് ശര്‍മയായിരുന്നു വിക്കറ്റ് കീപ്പര്‍. ഫിനിഷറായും കളിച്ചത് ജിതേഷ് ആയിരുന്നു.

സഞ്ജു കളിക്കില്ലെന്ന സൂചന കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയിരുന്നു. നാലാം മത്സരത്തില്‍ ഇന്ത്യ ജയിച്ച ടീമിനെ നിലനിര്‍ത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. മൂന്നാം ടി20 ജയിച്ച ശേഷം ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ വാക്കുകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. മൂന്നാം മത്സരത്തില്‍ ശരിയായ കോംബിനേഷനുമായാണ് ഇറങ്ങിയതെന്ന് കളി ജയിച്ചശേഷം സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. പകരക്കാരായി വന്നവരെല്ലാം മൂന്നാം മത്സരത്തില്‍ മികവ് കാട്ടിയെന്നും സൂര്യ മത്സരശേഷം ആദം ഗില്‍ക്രിസ്റ്റിനോട് സംസാരിക്കവെ വ്യക്തമാക്കി. തുടര്‍ച്ചയായി 19-20 ടോസുകള്‍ തോറ്റശേഷം ഒരു ടോസ് ജയിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ സൂര്യകുമാര്‍ മൂന്നാം ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ വരുത്തിയ മൂന്ന് മാറ്റങ്ങളും ശരിയായിരുന്നുവെന്നും പകരക്കാരായി എത്തിയ മൂന്ന് താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

ഇതോടെ പകരക്കാരായി ടീമിലെത്തിയ അര്‍ഷ്ദീപ് സിംഗിനും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും വാഷിംഗ്ടണ്‍ സുന്ദറിനും വരും മത്സരങ്ങളിലും അവസരം കിട്ടുമെന്നുറപ്പായി. ഇതോടെ മലയാളി താരം സഞ്ജു സാംസണും സ്പിന്നര്‍ കുല്‍ദീപ് യാദവും പേസര്‍ ഹര്‍ഷിത് റാണയും ഇനിയുള്ള കളികളിലും പുറത്തിരിക്കേണ്ടിവരുമെന്ന സൂചനയാണ് സൂര്യകുമാര്‍ നല്‍കുന്നത്. ടീമില്‍ അവസരമില്ലാതിരുന്നപ്പോഴും പകരക്കാരായി എത്തിയ മൂന്ന് താരങ്ങളും കഠിനമായി പരിശീലനം തുടരുന്നുണ്ടായിരുന്നുവെന്നും അവര്‍ അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും സൂര്യകുമാര്‍ പറഞ്ഞു. നാലാം ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ, ശിവം ദുെബ, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

You cannot copy content of this page