Breaking News

‘ബിഹാർ സർക്കാർ ബിജെപി നിയന്ത്രണത്തിൽ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിതീഷ് എവിടെ?’; അഭാവം ചർച്ചയാക്കി ആർജെഡി

Spread the love

പാട്‌ന: ബിഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി വാദപ്രതിവാദങ്ങള്‍ ഉയരുന്നതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അടക്കം ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ അഭാവം ചോദ്യം ചെയ്ത് ആര്‍ജെഡി. നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന ആരോപണം. ബിഹാറില്‍ സര്‍ക്കാരിനെ ബിജെപി നിയന്ത്രിക്കുകയാണെന്നും ആര്‍ജെഡി ആരോപിച്ചു. അതേസമയം, ആര്‍ജെഡിയുടെ ആരോപണം ജെഡിയു തള്ളി.

ഇന്നലെ മുസാഫര്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവാണ് ആരോപണം ഉന്നയിച്ചത്. ബിഹാറില്‍ സര്‍ക്കാരിനെ ബിജെപി നിയന്ത്രിക്കുകയാണെന്ന് തേജസ്വി യാദവ് പറഞ്ഞു. പുറത്തുനിന്നുള്ളവര്‍ നിയന്ത്രിക്കുന്ന ഈ സര്‍ക്കാരിനെ നമ്മള്‍ ബിഹാറികള്‍ പുറത്താക്കണം. ബിഹാറില്‍ വോട്ട് തേടുകയും ഗുജറാത്തില്‍ മാത്രം ഫാക്ടറികള്‍ കെട്ടിപ്പടുക്കുകയുമാണ് അവരുടെ ലക്ഷ്യവുമെന്നും തേജസ്വി യാദവ് ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തേജസ്വിയുടെ ആരോപണങ്ങളെ ശരിവെച്ചു. ബിഹാറില്‍ സര്‍ക്കാരിനെ ബിജെപി നിയന്ത്രിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. നിതീഷ് കുമാറിനെ അവര്‍ മുന്നില്‍ നിര്‍ത്തുക മാത്രമാണ് ബിജെപി ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നീതീഷ് സര്‍ക്കാരിനെ ഉന്നംവെച്ചുള്ള ശക്തമായ പ്രചാരമാണ് ആര്‍ജെഡി നടത്തുന്നത്. നീതീഷ് കുമാര്‍ കൊണ്ടുവന്ന മദ്യനിരോധനം ആയുധമാക്കുകയാണ് ആര്‍ജെഡി. അധികാരത്തിലെത്തിയാല്‍ മദ്യ നിരോധന നിയമം പുനഃപരിശോധിക്കുമെന്ന് തേജസ്വി യാദവ് പറഞ്ഞു. മദ്യ നിരോധനക്കേസുകളില്‍ ജയിലില്‍ ഉള്ളവരെ മോചിപ്പിക്കും. അധികാരത്തില്‍ എത്തിയാല്‍ കള്ള് നിയമവിധേയമാക്കുമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍ എത്തും. മുസാഫര്‍പൂരിലേയും ഛപ്‌റയിലേയും റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. വോട്ടിന് വേണ്ടി വേണമെങ്കില്‍ മോദി ഡാന്‍സ് വരെ കളിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ആര്‍ജെഡിയേയും കോണ്‍ഗ്രസിനേയും ഉന്നംവെച്ചാകും മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. അതിനിടെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്‌സ്വാള്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധിക്ക് ഡിപ്രഷനാണെന്നായിരുന്നു ദിലീപ് ജയ്‌സ്വാള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. മഹാസഖ്യത്തിന്റെ വാഗ്ദാനം വ്യാജമാണ്. അവര്‍ക്ക് എന്ത് വാഗ്ദാനവും നല്‍കാന്‍ കഴിയും. എന്നാല്‍ നടപ്പാക്കണമെന്നില്ല. ജനങ്ങള്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യുമെന്നും ദിലീപ് ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

You cannot copy content of this page