ഐഫോണ്‍ 17 പ്രോ, പ്രോ മാക്‌സ് കോസ്‍മിക് ഓറഞ്ച് വേരിയന്‍റ് വാങ്ങിയ പലരും നിരാശരാണ്. സോഷ്യൽ മീഡിയയിലൂടെയാണ് നിരവധി ഐഫോൺ 17 പ്രൊ ഉപയോക്താക്കൾ അതിനുള്ള കാരണം പങ്കുവച്ചത്. ചിലർ പറയുന്നത്, പുതിയ ഫോൺ വാങ്ങി ചില ആഴ്ചകൾക്കുള്ളിൽ തന്നെ ബോഡിയുടെ നിറം മാറിയതായാണ്. ആദ്യമായി തിളങ്ങുന്ന ഓറഞ്ച് നിറമായിരുന്ന ഭാഗങ്ങൾ പിങ്ക് അല്ലെങ്കിൽ ലൈറ്റ് ഷേഡിലേക്ക് മാറിയതായി അവർ പറയുന്നു. പതിവായി സ്പർശിക്കുന്ന ഫ്രെയിം, ക്യാമറ മൊഡ്യൂൾ ഭാഗങ്ങൾ എന്നിവയിലാണ് നിറവ്യത്യാസം ഏറ്റവും വ്യക്തം.ആപ്പിളിന്‍റെ ഏറ്റവും പ്രീമിയം സ്‌മാര്‍ട്ട്‌ഫോണുകളാണ് പ്രോ മോഡലുകള്‍. നാളിതുവരെ ക്വാളിറ്റിയും ഫീച്ചറുകളിലെ ഗരിമയും തന്നെയായിരുന്നു ഐഫോണ്‍ പ്രോ മോഡലുകളുടെ മുഖമുദ്ര. എന്നാല്‍ ഐഫോണ്‍ 17 പ്രോ മോഡലുകളിലെ കോസ്‍മിക് ഓറഞ്ച് വേരിയന്‍റിന്‍റെ നിറംമങ്ങുന്നത് ആപ്പിളിന്‍റെ ഏറ്റവും പുതിയ പ്രീമിയം ഉപകരണങ്ങളെക്കുറിച്ച് ഗുണനിലവാര ആശങ്കകൾ ഉയർത്തുന്നു. കോസ്‍മിക് ഓറഞ്ച് കണ്ണടച്ച് തുറക്കുമ്പോള്‍ പിങ്കായി മാറുന്നതനെ കുറിച്ചുള്ള ആദ്യ പരാതി ജപ്പാനിലെ ഒരു ഉപയോക്താവിൽ നിന്നാണ് പുറത്തുവന്നതെന്നാണ് റിപ്പോർട്ടുകൾ. നിറംമങ്ങിയ പുതിയ ഫോണുകളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫോണിന്‍റെ മാഗ്സേഫ് റിംഗ് ഏരിയ അതിന്‍റെ യഥാർഥ കോസ്‌മിക് ഓറഞ്ച് നിറം നിലനിർത്തിയെങ്കിലും, അലുമിനിയം ഫ്രെയിമും ചുറ്റുമുള്ള പിൻഭാഗവും വലിയതോതിൽ മങ്ങിയതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ഐഫോണ്‍ 17-ന്‍റെ രണ്ട് പ്രോ മോഡലുകളിലും സമാനമായ മങ്ങൽ പ്രശ്‍നം ഉപയോക്താക്കൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഈ ഫോണുകളുടെ അലുമിനിയം ഫ്രെയിമിലും ക്യാമറ മൊഡ്യൂളിലുമാണ് പ്രധാന നിറംവ്യത്യാസം. ഫോണുകളുടെ ഫ്രെയിമുകളും റിയര്‍ ഭാഗവും ഓറഞ്ച് നിറത്തിൽ നിന്ന് ഇളം പിങ്ക് അല്ലെങ്കിൽ റോസ് ഗോൾഡ് നിറങ്ങളിലേക്ക് മാറുന്നു. ഈ പ്രശ്‌നം പ്രധാനമായും കോസ്‍മിക് ഓറഞ്ച് പതിപ്പിനെയാണ് ബാധിക്കുന്നത്. അതേസമയം ഡീപ് ബ്ലൂ യൂണിറ്റുകളിലും നിറവ്യത്യാസം അനുഭവപ്പെടുന്നതായും പരാതികൾ ഉയരുന്നുണ്ട്. എന്നാല്‍ അതത്ര സങ്കീര്‍ണമല്ല.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഫോണിന്റെ സംരക്ഷണ പാളിക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ അലുമിനിയത്തിൽ സ്വാഭാവിക ഓക്സീകരണം ഉണ്ടാകുന്നതാണ് നിറംമാറ്റത്തിന് പ്രധാന കാരണം. ആപ്പിൾ സാധാരണയായി ഇത് തടയാൻ ആനോഡൈസ്‍ഡ് പാളി നൽകാറുണ്ട്. പക്ഷേ ഈ കോട്ടിംഗ് തകരാറിലായാൽ, രാസപ്രവർത്തനങ്ങൾ മൂലം അലുമിനിയം കെയ്‌സിന്റെ നിറം ക്രമേണ മാറാം. അൾട്രാവയലറ്റ് രശ്മികളിലേക്കുള്ള എക്സ്പോഷർ നിറംമാറ്റത്തിന്റെ വേഗത കൂട്ടുമെന്ന് ചില ഉപയോക്താക്കൾ പറയുന്നു. ഇതുവരെ ആപ്പിൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ചില ഉപഭോക്താക്കൾക്ക് സ്റ്റോർ ലെവലിൽ റീപ്ലേസ്മെന്റ് അല്ലെങ്കിൽ റീഫണ്ട് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
ഉപയോക്താക്കള്‍ക്കുള്ള നിര്‍ദേശം:
ഫോണ്‍ നിറം മാറുന്നത് ശ്രദ്ധിച്ചാല്‍ ഉടനെ ആപ്പിള്‍ കസ്റ്റമര്‍ സര്‍വീസിനെ സമീപിക്കുക, ചിത്രങ്ങളും ബില്ലും സഹിതം പരാതിനല്‍കുക. മെറ്റീരിയൽ തകരാറാണെന്ന് സ്ഥിരീകരിച്ചാൽ, വാറന്‍റി കാലയളവിനുള്ളിൽ ഉപയോക്താക്കൾക്ക് സൗജന്യമായി ഫോൺ ആപ്പിള്‍ മാറ്റിനൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
