കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ കലയനാട് സ്വദേശി ശാലിനിയുടെ 20 ഗ്രാം സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ മാസം 22നാണ് ഭർത്താവ് ഐസക് വെട്ടിപ്പരികേൽപ്പിച്ച ശാലിനിയെ പുനലൂർ താലൂക്കാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചു. ഇതിനിടെ ജീവനക്കാരി മൃതദേഹത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ അഴിച്ചുമാറ്റി. ബന്ധുക്കൾക്കോ പോലീസിനോ കൈമാറാതെ ഇഞ്ചക്ഷൻ റൂമിലെ അലമാരിയിൽ സൂക്ഷിക്കുകയായിരുന്നു. ബന്ധുക്കൾ സ്വർണം അന്വേഷിച്ച് എത്തിയതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ പുനലൂർ പൊലീസിൽ പരാതി നൽകി.
ഈ മാസം 18 ന് പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവികൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ ആശുപത്രി സൂപ്രണ്ടിനെ ഏൽപ്പിക്കുകയും സൂപ്രണ്ട് അത് ലേ സെക്രട്ടറിക്ക് കൈമാറി ആശുപത്രി ലോക്കറിൽ സൂക്ഷിക്കണമെന്നാണ് ചട്ടം.
