സിപിഐ-സിപിഐഎം ബന്ധം അറ്റുപോകുമെന്ന ധാരണ വേണ്ടെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. ഭരണതലത്തിലും രാഷ്ട്രീയമായും ബന്ധം ശക്തമാണ്. എൽഡിഎഫിലെ ആരും യുഡിഎഫിലേക്ക് പോകില്ലെന്നും എ കെ ബാലൻ പറഞ്ഞു. യുഡിഎഫ് കൺവീനർ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇതിനർഥം യുഡിഎഫ് ശുഷ്‌കമാണെന്നതാണെന്ന് എകെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫിൽ നിന്ന് ഒരു ഘടക കക്ഷിയെ കിട്ടാതെ ജന്മത്തിൽ യുഡിഎഫ് അധികാരത്തിൽ വരില്ലെന്ന സന്ദേശമാണ് ഇതുവഴി അടൂർ പ്രകാശ് നൽകിയതെന്ന് അദേഹം പറഞ്ഞു.
എൽഡിഎഫിൽ ഏതെങ്കിലും രൂപത്തിൽ സിപിഐ വിട്ടുപോകുമെന്ന് ആരും ധരിക്കരുത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്ന് ഏതെങ്കിലും ഘടക കക്ഷി യുഡിഎഫിലേക്ക് പോകുമെന്ന് കരുതേണ്ടെന്ന് എകെ ബാലൻ പറഞ്ഞു. കേരളത്തിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ തലയും ഹൃദയവുമാണ് സിപിഐഎമ്മും സിപിഐയുമെന്ന് അദേഹം പറഞ്ഞു.
പിഎം ശ്രീയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചില പരാമർശങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട സുഹൃത്താണ്. കുറച്ചുദിവസം മുൻപ് കൂടിക്കാഴ്ച നടത്തിയിരുന്നു. അദേഹം ഇത്തരത്തിൽ പ്രകോപനപരമായ പരാമർശം നടത്തുന്നതിൽ ഏതെങ്കിലും അടിസ്ഥാനം ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും അത് അദേഹത്തിന്റെ വികാര പ്രകടനമായി മാത്രമേ തോന്നുന്നുള്ളൂവെന്ന് എകെ ബാലൻ പറഞ്ഞു. പരാമർശങ്ങൾ ബിനോയ് വിശ്വം തിരുത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് അദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ മന്ത്രി ആർ ബിന്ദു ചെയ്ത കാര്യങ്ങളുടെയും ആരോഗ്യരംഗത്ത് മന്ത്രി വീണാ ജോർജ് ചെയ്ത കാര്യങ്ങളുടെയും തുടർച്ചയാണ് പൊതുവിദ്യാഭ്യാസ രംഗത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി ചെയ്യുന്നത്. എവിടെയെങ്കിലും ആലോചിക്കാത്ത ഒരു കാര്യം അദേഹം ചെയ്തുവെന്ന് തെറ്റിദ്ധരിക്കരുതെന്ന് എകെ ബാലൻ കൂട്ടിച്ചേർത്തു. ആശങ്ക എന്തെങ്കിലും ഘടക കക്ഷിയ്ക്ക് ഉണ്ടെങ്കിൽ അത് പരിഹരിച്ചിട്ടേ നടപ്പിലാക്കു എന്ന് എൽ ഡി എഫ് കൺവീനർ തന്നെ പറഞ്ഞിട്ടുണ്ട്. കരിക്കുലം കാര്യങ്ങളിൽ മാറ്റം ഉണ്ടാകില്ലെന്ന് എകെ ബാലൻ പറഞ്ഞു.
