പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് പി വി അനവർ. മുഖ്യമന്ത്രിയുടെ ഒറ്റ നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി ഈ തീരുമാനം എടുത്തതെന്ന് പി.വി. അൻവർ പറഞ്ഞു. ഇടത് സർക്കാരിൽ നിന്ന് ഇറങ്ങി വരാൻ ഉണ്ടായ ഓരോ കാരണവും അടിവരയിടുകയാണ്.
ബിജെപിയുമായി ചേർന്ന് വർഗീയ വൽക്കരണമാണ് കേരളത്തിൽ നടക്കുന്നത്. ഒരു ബജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത 1500 കോടിക്കായി കേരളത്തിന്റെ മതേതരത്വം വിറ്റു. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയെ എന്തിന് കണ്ടുവെന്ന് അദ്ദേഹം ചോദിച്ചു. ഓഫീസിലല്ല മുഖ്യമന്ത്രി കണ്ടത് , സൽക്കാരമായി സ്വീകരിച്ച് വീട്ടിലാണ് കണ്ടതെന്നും പി.വി. അൻവർ ആരോപിച്ചു.ആർ.എസ്.എസുമായും ബിജെപിയുമായി പിണറായി സർക്കാർ നടത്തിവരുന്ന അധാർമികമായ ബന്ധം അടിവരയിടുന്നതാണ് പിഎം ശ്രീയിൽ ഒപ്പിട്ട നടപടിയെന്നും പി.വി. അൻവർ പ്രതികരിച്ചു.സിപിഐ ശക്തമായ നിലപാട് സ്വീകരിച്ചു. ആ തീരുമാനത്തിന്റെ ആയുസ് എത്രയാണെന്ന് 27ന് അറിയാം. സിപിഐ മന്ത്രിമാർക്ക് വിവരം നൽകുന്നത് പത്രക്കാരാണ്. മന്ത്രിസഭയിൽ ചർച്ച ചെയ്തിട്ടില്ല. സിപിഐ നിലപാടിന് 72 മണിക്കൂർ മാത്രമാണോ, അതോ അവർ ശക്തമായി നിൽക്കുമോയെന്ന് നോക്കാമെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു.മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ചർച്ച നടത്താനാണ് ധാരണ. ചർച്ചയ്ക്ക് മുന്നോടിയായി മന്ത്രി വി. ശിവൻകുട്ടി ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണും. എം എൻ സ്മാരകത്തിൽ എത്തി ബിനോയ് വിശ്വത്തെ കാണാനാണ് തീരുമാനം.
അതിനിടെ പി എം ശ്രീ പദ്ധതിയിലെ ധാരണ പത്രത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന സർക്കാറിന്റെ നടപടിയിൽ എതിർപ്പ് അറിയിച്ച് സിപിഐ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കത്തു നൽകിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി.ഇന്ന് ചേരുന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും വിഷയം ചർച്ച ചെയ്യും. സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞശേഷം തുടർ നടപടിയിലേക്ക് കടക്കാനാണ് സിപിഐ യുടെ തീരുമാനം.പുതിയ സെക്രട്ടേറിയറ്റ്, ദേശീയ കൗൺസിൽ അംഗങ്ങളുടെ ചുമതലകൾ, ബിഹാർ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും സിപിഐ നേതൃയോഗം ചർച്ച ചെയ്യും.
പി.എം.ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നത് വരെ സി.പി.ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും.സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൻേറതാണ് തീരുമാനം.
