Breaking News

പേരാമ്പ്ര സംഘർഷം; അഭിലാഷ് ഡേവിഡിന് കിട്ടിയത് സസ്പെൻഷൻ മാത്രം, 22 മാസങ്ങൾക്ക് ശേഷം തിരിച്ച് സർവീസിലെത്തി

Spread the love

തിരുവനന്തപുരം: പേരാമ്പ്ര സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിയെ അടിച്ച സി ഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിട്ടത് താത്കാലികമായി. നടപടിക്ക് ശേഷം 22 മാസങ്ങൾക്ക് ശേഷം അഭിലാഷിനെ തിരിച്ച് സർവീസിലെടുത്തു. ഗുണ്ടകളുമായും ഭൂമാഫിയയുമായും അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ. അഴിമതിയിൽ അഭിലാഷ് വിജിലൻസ് അന്വേഷണം നേരിട്ടെന്ന് രേഖകളിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ഈ അന്വേഷണങ്ങൾ എവിടെ എത്തിയെന്നതിൽ വ്യക്തതയില്ല.

അന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന സി എച്ച് നാഗരാജുവാണ് അഭിലാഷ് ഡേവിഡിന് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. ഈ നോട്ടീസിന് മറുപടി നൽകാൻ 15 ദിവസത്തെ കാലതാമസവും നൽകിയിരുന്നു. എന്നാൽ ഇതിനിടെ ഇയാളെ റെയിൽവേയിലേക്ക് സ്ഥലംമാറ്റി. ഇതോടെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം കമ്മിഷണർക്ക് നടപടിയെടുക്കാനായില്ല. അതിനാൽ തന്നെ പൊലീസ് ആസ്ഥാനത്ത്‌നിന്ന് സസ്‌പെൻഷൻ ഉത്തരവ് മാത്രമാണ് ഇറക്കിയത്. 2023 ജനുവരിയിലാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. 2024 നവംബറോടെ സർവീസിൽ തിരിച്ചെടുത്തു. സംഘർഷത്തിനിടെ കൺട്രോൾ റൂം സി ഐ അഭിലാഷ് ഡേവിഡ് തന്നെ മർദിച്ചുവെന്ന് ഇന്നലെ ഷാഫി പറമ്പിൽ തെളിവ് ദൃശ്യങ്ങൾ സഹിതം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇതിനെ നിഷേധിച്ചുകൊണ്ടാണ് അഭിലാഷ് രംഗത്തെത്തിയത്.

അതേസമയം പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് വടകര, പേരാമ്പ്ര ഡിവൈഎസ്പിമാർ, ഷാഫി പറമ്പിലിനെ അടിച്ച മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിങ്ങനെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നത്. ഈ പൊലീസ് ഉദ്യോഗസ്ഥൻ പേരാമ്പ്ര ഡിവൈഎസ്പിയുടെ പേഴ്‌സണൽ സെക്യൂരിറ്റ് സ്റ്റാഫായ വിഷ്ണു വത്സൻ ആണെന്നായിരുന്നു സൈബർ ഇടങ്ങളിൽ കോൺഗ്രസ് നടത്തിയ പ്രചാരണം. ഇയാളുടെ ഫോട്ടോ സഹിതമായിരുന്നു പ്രചാരണം നടത്തിയത്. ഇതിനെതിരെ വിഷ്ണു വത്സൻ പേരാമ്പ്ര സ്റ്റേഷനിലും എലത്തൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്‌യു ജില്ല പ്രസിഡന്റ് ഉൾപ്പെടയുള്ളവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

You cannot copy content of this page