Breaking News

‘സിപിഐ അപമാനിക്കപ്പെട്ടു എന്ന തോന്നലൊന്നുമില്ല, ചില വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതാണ്, ചര്‍ച്ചകള്‍ നടക്കട്ടേ’: കെ പ്രകാശ് ബാബു

Spread the love

സിപിഐയുടെ കടുത്ത എതിര്‍പ്പിനെ പാടേ അവഗണിച്ച് സര്‍ക്കാര്‍ പി എം ശ്രീയില്‍ ഒപ്പിട്ടതിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോഴും വിദ്യാഭ്യാസ വകുപ്പിനെ പൂര്‍ണമായി തള്ളാതെ സിപിഐ മുതിര്‍ന്ന നേതാവ് കെ പ്രകാശ് ബാബു. സിപിഐ അപമാനിക്കപ്പെട്ടു എന്ന തോന്നലില്ല എന്നും ചര്‍ച്ചകള്‍ വരട്ടേയെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. നയപരയമായ കാര്യത്തില്‍ ഗവണ്‍മെന്റ് സെക്രട്ടറി ഒപ്പിടാന്‍ പാടില്ലാത്തതാണ്. സിപിഐയും സിപിഐഎമ്മും പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് എടുത്തിട്ടുള്ളതാണ്. ഇടതുപക്ഷ നയം അതുപോലെ നടപ്പിലാക്കാന്‍ ഒരു ഗവണ്‍മെന്റിന് കഴിഞ്ഞെന്ന് വരില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.ഏത് സിപിഐ എന്ന എം വി ഗോവിന്ദന്റെ ചോദ്യമുള്‍പ്പെടെ ചര്‍ച്ചയാകുകയും അതിന് ബിനോയ് വിശ്വം ഉള്‍പ്പെടെ മറുപടി പറയുകയും ചെയ്തതിന് പിന്നാലെയാണ് അപമാനിക്കപ്പെട്ടതായി ഈ ഘട്ടത്തില്‍ തോന്നുന്നില്ലെന്ന പ്രകാശ് ബാബുവിന്റെ പ്രതികരണം. സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പി എം ശ്രീ വിഷയത്തില്‍ സിപിഐയുമായി ചര്‍ച്ചയാകാമെന്ന് പറഞ്ഞിരുന്നതാണ്. എന്നിട്ടും സര്‍ക്കാര്‍ ഇതുമായി മുന്നോട്ടുപോയതില്‍ സിപിഐ അപമാനിക്കപ്പെട്ടില്ലേ എന്ന ചോദ്യത്തിന് അങ്ങനെയെങ്കില്‍ അപമാനിക്കപ്പെട്ടത് സിപിഐഎം ജനറല്‍ സെക്രട്ടറി ആണെന്നായിരുന്നു പ്രകാശ് ബാബുവിന്റെ മറുപടി.

ഇടതുപക്ഷത്തിന്റെ നയം ഉയര്‍ത്തിപ്പിടിക്കാന്‍ തന്നെയാണ് സിപിഐയുടെ തീരുമാനമെന്ന് പ്രകാശ് ബാബു വ്യക്തമാക്കി. നയപരമായ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫാണ്. ചില വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് കൃത്യമായി അതാത് പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചചെയ്യും. പ്രതിപക്ഷ ആരോപണങ്ങളെ ഇപ്പോള്‍ ഏറ്റെടുക്കുന്നില്ല. പിഎം ശ്രീയയുടെ ഭാഗമാകുമ്പോള്‍ ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളെയല്ല കാണേണ്ടത്. എസ്എസ്‌കെ കുടിശിക ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. തമിഴ്‌നാട് കോടതിയില്‍ പോകാന്‍ തീരുമാനിച്ചുവല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

You cannot copy content of this page