Breaking News

പാലക്കാട് ബിജെപിയിൽ വിഭാഗീയത രൂക്ഷം; ചെയർപേഴ്സനെ അറിയിക്കാതെ കൗൺസിലർമാർ ഉദ്ഘാടനങ്ങൾ നടത്തി

Spread the love

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് ബിജെപിയിൽ വിഭാഗീയത രൂക്ഷം. ബിജെപി ഭരിക്കുന്ന നഗരസഭയിൽ ചെയർപേഴ്സനെ പോലും അറിയിക്കാതെ ബിജെപി കൗൺസിലർമാർ ഉദ്ഘാടനങ്ങൾ നടത്തി. പി. ടി. ഉഷ പങ്കെടുത്ത പരിപാടിയിൽ ഉണ്ടായിരുന്നത് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി. കൃഷ്ണകുമാറും ഭാര്യയും കൗൺസിലറുമായ മിനി കൃഷ്ണകുമാറുമാണ്. വിഷയത്തിൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ ബിജെപി സംസ്ഥാന അധ്യക്ഷനോട് പരാതി അറിയിച്ചു.

നഗരസഭയിലെ കൊപ്പം വാർഡിലെ ബയോമെഡിക്കൽ ലാബിന്റെ നിർമ്മാണ ഉദ്ഘാടനവും ചെട്ടിത്തെരുവ് വാർഡിലെ അങ്കണവാടി ഉദ്ഘാടനവുമാണ് ഇന്നലെ നടന്നത്. പി. ടി. ഉഷ എംപിയുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കിയത്. എന്നാൽ പരിപാടിയുടെ പോസ്റ്ററിലും സി. കൃഷ്ണകുമാറും ഭാര്യയും വാർഡ് കൗൺസിലറുമായ മിനി കൃഷ്ണകുമാറുമാത്രം. പരിപാടിക്കെത്തിയപ്പോഴും അതേ സ്ഥിതി. ഇതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. നഗരസഭയുടെ പരിപാടികളിൽ നിന്ന് ഒഴിവാക്കുന്നതായി ചൂണ്ടിക്കാട്ടി നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ സംസ്ഥാന വൈസ് പ്രസിഡൻറ് സി. കൃഷ്ണകുമാറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷനോട് പരാതി നൽകി.

നേരത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിനെ ചൊല്ലിയുണ്ടായ ചേരിപ്പോരിൽ ആർഎസ്എസ് നേതൃത്വം ഇടപെട്ടാണ് പരിഹാരം കണ്ടത്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ മേൽക്കൈ സ്ഥാപിക്കാൻ സി. കൃഷ്ണകുമാർ പക്ഷം മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായാണ് ആരോപണം.

You cannot copy content of this page