Breaking News

ദാ പുറപ്പെട്ടു! കെ മുരളീധരന്‍ വിശ്വാസ സംരക്ഷണ യാത്ര സമാപന പരിപാടിയില്‍ പങ്കെടുക്കും

Spread the love

തൃശ്ശൂര്‍: കെപിസിസി വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനചടങ്ങില്‍ കെ മുരളീധരന്‍ പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കാനായി കെ മുരളീധരന്‍ ഗുരുവായൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് തിരിച്ചു. കാര്‍ മാര്‍ഗ്ഗമാണ് പുറപ്പെട്ടിരിക്കുന്നത്. ഏഴ് മണിയോടെയാവും കെ മുരളീധരന്‍ പരിപാടിക്കെത്തുക. നേതൃത്വം ഇടപെട്ട് ഇടഞ്ഞുനിന്ന കെ മുരളീധരനെ അനുനയിപ്പിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നേരിട്ട് കെ മുരളീധരനെ വിളിച്ച് സംസാരിക്കുകയായിരുന്നു.

വ്യക്തിപരമായ കാരണത്താല്‍ വിശ്വാസ സംരക്ഷണ യാത്ര സമാപനചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു കെ മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ജാഥ ക്യാപ്റ്റന്മാരില്‍ ഒരാള്‍ തന്നെ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇന്നലെയാണ് നാല് ക്യാപ്റ്റന്മാര്‍ നയിച്ച വിശ്വാസ സംഗമയാത്ര ചെങ്ങന്നൂരില്‍ സംഗമിച്ചത്. കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹ്നാന്‍ എന്നിവരാണ് ജാഥ ക്യാപ്റ്റന്മാര്‍. യാത്രയ്ക്ക് ശേഷം കെ മുരളീധരന്‍ ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്നു.

പുനഃസംഘടനയിലെ അതൃപ്തി കാരണമാണ് കെ മുരളീധരന്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നായിരുന്നു വിവരം. കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന്‍ ന്യൂനപക്ഷ സെല്‍ വൈസ് ചെയര്‍മാനായ കെ എം ഹാരിസിന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. മരിയാപുരം ശ്രീകുമാറിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിലും കെ മുരളീധരന് നീരസം ഉണ്ട്.

You cannot copy content of this page