Breaking News

പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Spread the love

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. തൃശൂര്‍ ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി. നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ പൂജാരിയാണ്. പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് നറുക്കെടുത്തത്. 14 പേരില്‍ നിന്നാണ് പ്രസാദിനെ തിരഞ്ഞെടുത്തത്. പട്ടികയിലെ ഒന്‍പതാമത്തെ പേരുകാരനാണ് ഇദ്ദേഹം.

ഹൈക്കോടതിയുടെ കൃത്യമായ മേല്‍നോട്ടത്തിലാണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ ഇളംമുറക്കാരായ കശ്യപ് വര്‍മ്മയാണ് നറുക്കെടുത്തത്.

മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം കൂട്ടിക്കട സ്വദേശി എം ജി മനു നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. മൈഥിലി വര്‍മയാണ് നറുക്കെടുത്തത്. സ്വപ്നസാക്ഷാത്കാരമെന്ന് മനു നമ്പൂതിരി ട്വന്റിഫോറിനോട് പറഞ്ഞു. 13 പേരുടെ ചുരുക്കപ്പട്ടികയാണ് മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്ക് ഉണ്ടായിരുന്നത്. ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നുവെന്നും വളരെയധികം സന്തോഷമുണ്ടെന്നും മനു നമ്പൂതിരി ട്വന്റിഫോറിനോട് പ്രതികരിച്ചു. ഉത്തരവാദിത്തം വളരെ ഭംഗിയായി ആത്മാര്‍ഥമായും ചെയ്യണമെന്നാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. അത്യപൂര്‍വമായ ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവാദങ്ങള്‍ക്കിടയിലും ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ്. നടപ്പന്തലിലും തീര്‍ത്ഥാടകരുടെ നീണ്ട നിരയുണ്ട്. അന്‍പതിനായിരം പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്.

You cannot copy content of this page