Breaking News

ശബരിമല സ്വർണ്ണ കൊള്ള; അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ

Spread the love

ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോ​ഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയിൽ സുനിൽ കുമാറിന്റെ പേരുകൂടെ വന്നതോടെയാണ് നടപടി. നേരത്തെ പുറത്ത് വന്ന ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് അടക്കം ഇന്നത്തെ യോ​ഗം ചർച്ച ചെയ്തു. സുനിൽ കുമാറിന്റെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വിജിലൻ‌സ് കണ്ടെത്തിയിരുന്നു.

പ്രതിപട്ടികയിൽ ഉൾപ്പെടുന്നവരിൽ രണ്ട് പേരാണ് ഇപ്പോഴും സർവീസിൽ തുടരുന്നത്. നേരത്തെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിനെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. കൂടുതൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കണമെങ്കിൽ വിശദമായ ചർച്ച വേണമെന്നാണ് ദേവസ്വം ബോർഡ് യോ​ഗം വിലയിരുത്തിയിരിക്കുന്നത്.

വിരമിച്ച ഉദ്യോ​ഗസ്ഥർക്കെതിരെ വിരമിക്കൽ ആനുകൂല്യം തിരിച്ചുപിടിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കണമെങ്കിൽ കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തണം. ഇതിന് ശേഷം ബാക്കിയുള്ളവരുടെ കാര്യത്തിൽ തുടർനടപടികൾ ഉണ്ടാകും. അതേസമയം കേസ് അന്വേഷിക്കുന്ന എസ്ഐടി സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി. ഔദ്യോഗികമായി അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് നീക്കം. ബോർഡ് യോഗത്തിനിടെയാണ് ഉദ്യോഗസ്ഥർ എത്തിയത്.

You cannot copy content of this page