Breaking News

രാഹുൽ പാലക്കാടെത്തിയത് യുഡിഎഫ് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെ

Spread the love

പാലക്കാട്: ലൈംഗിക പീഡന ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തിയത് യുഡിഎഫ് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെ. മണ്ഡലത്തിലെത്തും മുൻപെ രാഹുൽ കോൺഗ്രസിന്റെ സംസ്ഥാന-ജില്ലാ നേതാക്കളുമായി ചർച്ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ രാഹുൽ സജീവമാകണമെന്ന ആവശ്യം ഡിസിസിയും ജില്ലാ മുസ്‌ലിം ലീഗും കെപിസിസിയെ അറിയിച്ചിരുന്നു. ശനിയാഴ്ചയിലേക്ക് നിശ്ചയിച്ച യാത്ര അനുമതി ലഭിക്കാത്തതിനാൽ നീളുകയായിരുന്നു. പിന്നീട് ബുധനാഴ്ചയിലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു.

38 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഹുൽ കഴിഞ്ഞ ദിവസം പാലക്കാടെത്തിയത്. വിവിധ മരണ വീടുകൾ സന്ദർശിച്ച ശേഷം രാഹുൽ എംഎൽഎ ഓഫീസിലും എത്തി. കഴിഞ്ഞമാസം 17-നാണ് രാഹുൽ അവസാനമായി മണ്ഡലത്തിൽ എത്തുന്നത്. അതിന് ശേഷം ഉയർന്ന ആരോപണങ്ങളും പ്രതിഷേധങ്ങളും കാരണം രാഹുലിന് മണ്ഡലത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല. രാഹുൽ എത്തിയാൽ തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും നിലപാടെടുത്തതോടെ രാഹുൽ അടൂരിൽ തന്നെ തുടർന്നു. ഒടുവിൽ 38 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ പാലക്കാട് എത്തിയത്. രാഹുൽ പാലക്കാട് എത്തിയതിന് പിന്നാലെ ബിജെപിയും ഡിവൈഎഫ്ഐയും പ്രതിഷേധവും ആരംഭിച്ചു. എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. രാഹുലിനെതിരെ കോളാമ്പി കെട്ടി അനൗൺസ്മെന്റ് നടത്തിയായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം.

അതേസമയം, നീണ്ട ഇടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിലെത്തിയ രാഹുലിനെ ചേർത്തുപിടിക്കുകയായിരുന്നു കോൺഗ്രസ് നേതാക്കൾ. ബെന്നി ബഹനാൻ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, കെപിസിസി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളാണ് ഏറെനേരം ഒപ്പം ഇരുന്ന് രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചത്.

ലൈംഗികാതിക്രമ ആരോപണങ്ങൾക്ക് പിന്നാലെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുലിനെ പുറത്താക്കിയെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരോപണങ്ങളും പ്രതിഷേധങ്ങളും മറികടന്ന് 38 ദിവസത്തിന് ശേഷം രാഹുൽ മണ്ഡലത്തിലെത്തിയപ്പോൾ, പുറത്താക്കിയെന്ന് പലതവണ പറഞ്ഞ അതേ കോൺഗ്രസ് നേതൃത്വം രാഹുലിനെ സംരക്ഷിക്കുന്ന കാഴ്ചയാണ് പാലക്കാട് കണ്ടത്.

You cannot copy content of this page