Breaking News

ഇന്ത്യ– പാക്ക് മത്സരം കാണാൻ ആളില്ലേ? ടിക്കറ്റുകൾ ഇനിയും ബാക്കി; പിന്നിൽ ബഹിഷ്കരണ ആഹ്വാനം?

Spread the love

ദുബായ്∙ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം എക്കാലത്തും ക്രിക്കറ്റിലെ ‘എൽ–ക്ലാസികോ’ ആണ്. ചിരവൈരികൾ തമ്മിലുള്ള പോരാട്ടം ഒരു കായിക മത്സരത്തേക്കാളുപരി വിവിധ തലങ്ങളിൽ ചർച്ചയാകാറുമുണ്ട്. താരങ്ങൾക്ക് ആവേശം പകർന്ന് തിങ്ങിനിറഞ്ഞ ഗാലറികളും ഇന്ത്യ– പാക്ക് മത്സരങ്ങളുടെ സവിശേഷതയാണ്. എന്നാൽ ഏഷ്യാകപ്പിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിന്റെ സ്ഥിതി കുറച്ചു വ്യത്യസ്തമാണെന്നാണ് റിപ്പോർട്ട്. മുൻകാലങ്ങളിൽ ‘ചൂടപ്പം’ പോലെ വിറ്റു പോയിരുന്ന ഇന്ത്യ– പാക്കിസ്ഥാൻ‌ മത്സരങ്ങളുടെ ടിക്കറ്റിന് ഇത്തവണ വേണ്ടത്ര ‘പിടി’ ഇല്ലെന്നാണ് വിവരം. മാത്രമല്ല വിഐപി ടിക്കറ്റുകളടക്കം പലതും ഇനിയും വിറ്റുപോയിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ, വിഐപി സ്യൂട്ട്സ് ഈസ്റ്റിലെ ഒരു ജോഡി സീറ്റുകൾക്ക് ഏകദേശം 2.5 ലക്ഷം രൂപയാണ് വില. ആഡംബര സീറ്റിങ്, പരിധിയില്ലാത്ത ഭക്ഷണപാനീയങ്ങൾ, പാർക്കിങ് പാസ്, വിഐപി ക്ലബ്/ലോഞ്ച് ആക്‌സസ്, സ്വകാര്യ പ്രവേശന കവാടം, വിശ്രമമുറികൾ എന്നിവ ഈ ടിക്കറ്റിൽ ഉൾപ്പെടുന്നു. റോയൽ ബോക്‌സിന് 2.3 ലക്ഷം രൂപയും സ്കൈ ബോക്‌സിന് 1.6 ലക്ഷം രൂപയും പ്ലാറ്റിനം ലെവൽ ടിക്കറ്റുകൾക്ക് പോലും 75,659 രൂപയുമാണ് വില. രണ്ടു പേർക്ക് 10,000 രൂപ എന്നതാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ജനറൽ ടിക്കറ്റുകൾ വിറ്റു തീർന്നെങ്കിലും 18,000-20,000 രൂപ നിരക്കുള്ള ടിക്കറ്റുകൾ മുതൽ ബാക്കിയാണെന്നാണ് റിപ്പോർട്ട്. ഇതിൽ ആശ്ചര്യം രേഖപ്പെടുത്തി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തി.
‘‘ഇന്ത്യ ട്വന്റി20 ക്രിക്കറ്റ് കളിക്കുന്നു, പക്ഷേ മത്സരം കാണാൻ ആളുകൾ വരുന്നില്ല. അത‌ു സാധ്യമാണോ? അതെ, അതു സംഭവിച്ചു. ഇന്ത്യ – യുഎഇ മത്സരത്തിനിടെ, സ്റ്റാൻഡുകൾ ഏതാണ്ട് കാലിയായിരുന്നു. ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിന് പോലും, ജനറൽ ടിക്കറ്റുകൾ വിറ്റുതീർന്നെങ്കിലും 18,000-20,000 രൂപ വിലയുള്ള ടിക്കറ്റുകൾ പോലുള്ള ഉയർന്ന വിലയുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്. എന്താണ് സംഭവിക്കുന്നത്?’’– ആകാശ് ചോപ്ര ഒരു വിഡിയോയിൽ പറഞ്ഞു.
‘‘രോഹിത് ശർമയുടെയും വിരാട് കോലിയുടെയും വിരമിക്കലാണോ ഇതിനു കാരണം? അതോ യുഎഇയിലെ ഉയർന്ന ടിക്കറ്റ് നിരക്കാണോ? അതോ, ഇന്ത്യ – പാക്കിസ്ഥാൻ മത്സരം ബഹിഷ്കരിക്കണമെന്ന ആഹ്വാനമാണോ? ആരാധകർക്ക് ഈ മത്സരത്തിൽ ഇത്രയധികം താൽപര്യം കുറയാനുള്ള യഥാർഥ കാരണം എന്താണ്? കാരണം എന്തുതന്നെയായാലും, സ്റ്റേഡിയങ്ങൾ ശൂന്യമാണ്. മുകളിൽ പറഞ്ഞ കാരണങ്ങളിൽ ഏതെങ്കിലും ആകാം. അല്ലെങ്കിൽ മുകളിൽ പറഞ്ഞവയെല്ലാം ആകാം. പ്രശ്നം ആശങ്കാജനകമാണ്.’’– ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം നടക്കുന്ന ആദ്യ ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടമെന്ന നിലയിൽ മത്സരം ബഹിഷ്കരിക്കണമെന്ന ആഹ്വാനം തുടക്കം മുതൽ സൈബറിടങ്ങളിലുണ്ടായിരുന്നു. ഷ്യാകപ്പ് ക്രിക്കറ്റിൽ ഞായറാഴ്ചത്തെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജിയും വന്നിരുന്നു. എന്നാൽ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളി.ഞായറാഴ്ച മത്സരം നടക്കുന്നതിനാൽ വ്യാഴാഴ്ച ഹർജി പരിഗണിക്കണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം. ഇക്കാര്യത്തിൽ എന്തിനാണ് ഇത്ര തിടുക്കമെന്ന് ചോദിച്ച കോടതി, മത്സരങ്ങൾ നിശ്ചയിച്ചതുപോലെ നടക്കട്ടെയെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യ– പാക്കിസ്ഥാൻ മത്സരം തടയണമെന്നാവശ്യപ്പെട്ട് ഏതാനും നിയമ വിദ്യാർഥികളാണ് ഹർജി സമർപ്പിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് അനാദരവാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും മാത്രമുള്ള കായിക ചാംപ്യൻഷിപ്പുകൾ ഇനിയുണ്ടാവില്ലെന്നു കേന്ദ്ര കായിക മന്ത്രാലയം ഓഗസ്റ്റിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ഇതിൽ ഉൾപ്പെടില്ലെന്നും കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു. രണ്ടിലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റുകളിൽ പാക്കിസ്ഥാനുമായി മത്സരിക്കുന്നതിനു തടസ്സങ്ങളില്ല. രാജ്യാന്തര ഒളിംപിക് നിയമങ്ങൾ അനുസരിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.

You cannot copy content of this page