കൊല്ലം സ്വദേശി ഐസക് ജോര്‍ജിന്റെ അവയവ ദാനവുമായി ബന്ധപ്പെട്ട് കുറിപ്പുമായി ഡിവൈഎഫ്ഐ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. റോഡ് മുറിച്ചുകടക്കവെ അപകടത്തില്‍പ്പെട്ട ഐസകിന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ഹൃദയം അങ്കമാലി സ്വദേശിയായ അജിന്‍ ഏലിയാസിന് നല്‍കുകയായിരുന്നു. കൊച്ചി ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ അജിനിന്റെ ശരീരത്തില്‍ ഐസകിന്റെ ഹൃദയം സ്പന്ദിച്ചുതുടങ്ങി. ഡിവൈഎഫ്‌ഐ കൊല്ലം പത്തനാപുരം ബ്ലോക്ക് കമ്മിറ്റിക്ക് കീഴില്‍ ഉള്ള വടകോട് യൂണിറ്റ് മുന്‍ പ്രസിഡന്റായിരുന്നു ഐസക് ജോര്‍ജ്.
ജീവിച്ചിരുന്ന നാളുകളില്‍ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ നല്‍കിയ സഖാവ് ഐസക് മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നല്‍കി യാത്രയാവുകയാണ്. ചികിത്സയിലായിരിക്കെ മസ്തിഷ്ക മരണമടഞ്ഞ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയം ഇനി ലിസിയില്‍ ചികിത്സയില്‍ കഴിയുന്ന അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിന് ജീവന്‍ പകരും. ഡി.വൈ.എഫ്.ഐ കൊല്ലം പത്തനാപുരം ബ്ലോക്ക് കമ്മിറ്റി കീഴില്‍ ഉള്ള വടകോട് യൂണിറ്റ് മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു ഐസക് ജോര്‍ജ്. തീവ്ര ദുഃഖത്തിലും അവയവം ദാനം നല്‍കാന്‍ സന്നദ്ധരായ പ്രിയ സഖാവിന്റെ ബന്ധുക്കളെ സ്‌നേഹപൂര്‍വം അഭിവാദ്യം ചെയ്യുന്നു. സഖാവിന്റെ അകാല വിടവാങ്ങലില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.
ഐസക് ജോര്‍ജിന്റെ അവയവ ദാനവുമായി ബന്ധപ്പെട്ട് വൈകാരിക കുറിപ്പുമായി ലിസ്സി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ് രംഗത്തെത്തിയിരുന്നു. കിംസിലെ ഓപ്പറേഷൻ തീയേറ്ററിൽ വച്ച് ഐസക് ജോർജിനെ കണ്ടപ്പോൾ മനസ്സൊന്നു വിറച്ചു.ഹൃദയവും രണ്ട് വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നുവെന്ന് ജോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നില്‍ക്കുമ്പോഴും സ്വന്തം മകന്റെ, സ്വന്തം സഹോദരന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ ജീവിക്കാനായി ദാനം ചെയ്യാം എന്ന് തോന്നല്‍ ആ കുടുംബത്തിന് ഉണ്ടായത് ഐസക്ക് ജോര്‍ജ് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൊണ്ട് തന്നെയായിരിക്കണം. ഹൃദയം അടങ്ങിയ പെട്ടി ആദരവോടെ എൻ്റെ ശരീരത്തോട് ചേർത്തു തന്നെ പിടിച്ചു ഞാൻ. ഡോക്ടര്‍ എന്നതിലുപരി മനുഷ്യന്‍ എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷം തോന്നുകയും സര്‍ക്കാരില്‍ അഭിമാനം തോന്നുകയും സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസമായിരുന്നു ഇന്നെന്നും ഡോ. ജോ ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.
വികെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
ഹൃദയപൂർവം…❤️🙏
ജീവിച്ചിരുന്ന നാളുകളിൽ ഹൃദയപൂർവ്വം പൊതിച്ചോർ നൽകിയ സഖാവ് ഐസക് മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നൽകി യാത്രയാവുകയാണ്
ചികിത്സയിലായിരിക്കെ മസ്തിഷ്ക മരണമടഞ്ഞ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയം
ഇനി ലിസിയിൽ ചികിത്സയിൽ കഴിയുന്ന അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് ജീവൻ പകരും.
ഡി.വൈ.എഫ്.ഐ കൊല്ലം പത്തനാപുരം ബ്ലോക്ക് കമ്മിറ്റി കീഴിൽ ഉള്ള വടകോട് യൂണിറ്റ് മുൻ പ്രസിഡന്റ് കൂടിയായിരുന്നു ഐസക് ജോർജ്.
തീവ്ര ദുഃഖത്തിലും അവയവം ദാനം നൽകാൻ സന്നദ്ധരായ പ്രിയ സഖാവിന്റെ ബന്ധുക്കളെ സ്നേഹപൂർവം അഭിവാദ്യം ചെയ്യുന്നു. സഖാവിന്റെ അകാല വിടവാങ്ങലിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു…
