Breaking News

ലോകത്തിലെ രണ്ടാമത്തെ വലിയ മാർക്കറ്റ്, ഇന്ത്യയിൽ വലിയ ലക്ഷ്യങ്ങളുമായി ഓപ്പൺ എഐ നേരിട്ട് എത്തുന്നു! ആദ്യ ഓഫീസ് തുറക്കാൻ തീരുമാനം

Spread the love

ദില്ലി: ചാറ്റ്‌ ജി പി ടി വികസിപ്പിച്ച ഓപ്പൺ എ ഐ ഇന്ത്യയിൽ ആദ്യ ഓഫീസ് തുറക്കുന്നു. വരും മാസങ്ങളിൽ ദില്ലിയിൽ കോർപ്പറേറ്റ് ഓഫീസ് ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. നിലവിൽ ഇന്ത്യയിൽ ഒരു ജീവനക്കാരി മാത്രമാണ് ഓപ്പൺ എ ഐക്ക് ഉള്ളത്. പബ്ലിക് പോളിസി, പാർട്ണർഷിപ്പ് എന്നിവ കൈകാര്യം ചെയ്യുന്ന പ്രഗ്യ മിശ്രയാണ് ഇന്ത്യയിലെ ഏക ജീവനക്കാരി. ഇന്ത്യയിലെ ഓഫീസ് തുറക്കുന്നതിന്‍റെ ഭാഗമായി മൂന്ന് തസ്തികകളിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സെയിൽസ് വിഭാഗത്തിലാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നതെന്ന് ഓപ്പൺ എ ഐ വ്യക്തമാക്കി. ഇന്ത്യൻ സർക്കാരുമായും വ്യവസായ മേഖലകളുമായും കൂടുതൽ സഹകരണം ലക്ഷ്യമിട്ടാണ് ഈ നീക്കം.

ഓപ്പൺ എഐയുടെ ലോകത്തിലെ രണ്ടാമത്തെ വലിയ മാർക്കറ്റാണ് ഇന്ത്യ. അമേരിക്കയാണ് ഇക്കാര്യത്തിൽ മുന്നിൽ. ചാറ്റ്‌ ജി പി ടിയുടെ ഉപയോക്താക്കളുടെ എണ്ണം ഇന്ത്യയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നാലിരട്ടിയായി വർധിച്ചു. ഇന്ത്യൻ സർക്കാരും, വ്യവസായങ്ങളുമായി കൂടുതൽ ഇടപാടുകൾ നടത്താനാണ് ഇന്ത്യയിൽ ഓഫീസ് തുടങ്ങുന്നത്. കേന്ദ്ര സ‍ർക്കാർ കരാറുകൾ അടക്കം കമ്പനി ലക്ഷ്യം വയ്ക്കുന്നതായി സൂചന. എ ഐ മിഷനുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അടുത്തിടെ ഇന്ത്യൻ യൂസർമർക്കായി മാത്രം കമ്പനി, ചാറ്റ് ജി പി ടിയുടെ കുറഞ്ഞ വരിസംഖ്യയുള്ള പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ ഉപയോക്താക്കൾക്കായി 399 രൂപയുടെ കുറഞ്ഞ വരിസംഖ്യയുള്ള ചാറ്റ്‌ ജി പി ടി ഗോ പ്ലാനാണ് ഓപ്പൺ എ ഐ അവതരിപ്പിച്ചത്. ഈ വർഷം അവസാനം ഇന്ത്യയിൽ ഡവലപ്പർ ഡേയും വിദ്യാഭ്യാസ സമ്മിറ്റും സംഘടിപ്പിക്കാനും ഓപ്പൺ എ ഐ പദ്ധതിയിട്ടിട്ടുണ്ട്.

You cannot copy content of this page