ബംഗളൂരു: സോണിയ ഗാന്ധിക്കെതിരായ ബിജെപി വിമർശനത്തിന് ചുട്ടമറുപടിയുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ ടി ജഗ്ഗ റെഡ്ഡി. സോണിയ ഗാന്ധി 59 വർഷം മുൻപേ ഇന്ത്യയുടെ മരുമകളാണെന്ന് ബിജെപിയെ ഓർമ്മിപ്പിച്ച റെഡ്ഡി, ഇത്രകാലമായിട്ടും അവരെ വിടാതെ പിന്തുടർന്ന് ആക്രമിക്കുന്ന ബിജെപി നിലപാടിൽ അത്ഭുതപ്പെടുന്നുവെന്നും പറഞ്ഞു. ഗാന്ധികുടുംബം ചെയ്ത നല്ലകാര്യങ്ങളെ അവഗണിച്ച് അവർക്കുമേൽ ചെളിവാരിത്തേക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വാതന്ത്യസമരത്തിൽ ബിജെപി നേതാക്കൾക്ക് യാതൊരു പങ്കുമില്ലെന്നും ജഗ്ഗ റെഡ്ഡി പറഞ്ഞു. സ്വാതന്ത്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാത്ത ബിജെപിയാണ് സ്വാതന്ത്യത്തിനായി പോരാടിയ ഒരു കുടുംബത്തെ അപമാനിക്കുന്നത്. നിങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയോ ആഭ്യന്തരമന്ത്രി അമിത് ഷായുടേയോ രക്ഷിതാക്കളോട് ചോദിച്ചാൽ അവർ പോലും ഗാന്ധി കുടുംബത്തിന്റെ മഹത്വം അംഗീകരിക്കുന്നുണ്ടാകുമെന്നും റെഡ്ഡി വ്യക്തമാക്കി. രാഹുൽ ഗാന്ധി കശ്മീരി ബ്രാഹ്‌മണ കുടുംബത്തിന്റെ ഭാഗമാണ്, സോണിയയെ 59 വർഷമായി ഇന്ത്യ നെഞ്ചേറ്റിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പാരമ്പര്യത്തേയും പൈതൃകത്തേയും ബഹുമാനിക്കുന്നവരാണ് സോണിയ. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ ഏഴ് വർഷം ഏകാന്ത ജീവിതം നയിച്ച അവർ രാഷ്ട്രീയത്തിലേക്ക് വന്നത് ജനത്തിന് അവരുടെ സാന്നിധ്യം ആവശ്യം വന്നതോടെയാണ്. വലിയ പിന്തുണ ലഭിച്ചിട്ടും അവർ പ്രധാനമന്ത്രി പദം സ്വീകരിച്ചില്ല, അതാണ് ത്യാഗം. രാഹുൽ ഗാന്ധി പോലും പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചതാണ്. ബിജെപിയിൽ ആര് ചെയ്യും അത്തരമൊരു ത്യാഗമെന്നും റെഡ്ഡി ചോദിച്ചു.
വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരെ ബിജെപി ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപേ സോണിയ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നു എന്നാണ് ബിജെപി നേതാവ് അനുരാഗ് താക്കൂർ ആരോപിച്ചത്. ഇതിനു പിന്നാലെയാണ് രാഗ്ഗ റെഡ്ഡിയുടെ പ്രതികരണം.
