Breaking News

പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്ന് പ്രിയങ്ക; ഇത് ലജ്ജാകരമായ വഞ്ചന നിറഞ്ഞ വാക്കുകളെന്ന് ഇസ്രയേല്‍ അംബാസിഡര്‍

Spread the love

പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്ന് ആരോപിച്ചുകൊണ്ടുള്ള പ്രിയങ്ക ഗാന്ധി എംപിയുടെ പോസറ്റ് പങ്കുവച്ച് അതിരൂക്ഷ വിമര്‍ശനവുമായി മറുപോസ്റ്റുമായി ഇസ്രയേല്‍ അംബാസിഡര്‍ റുവേന്‍ അസര്‍. ആളുകള്‍ കൊല്ലപ്പെട്ടതില്‍ ഹമാസിന്റെ പങ്ക് കാണാതെയുള്ള പ്രിയങ്കയുടെ വിമര്‍ശനങ്ങള്‍ ലജ്ജാകരമായ വഞ്ചനയെന്നാണ് ഇസ്രയേല്‍ അംബാസിഡറുടെ വാദം. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയാണ്.

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇസ്രയേല്‍ ഇതിനകം 60000 പലസ്തീനികളെ കൊന്നൊടുക്കിയെന്ന് കണക്കുകള്‍ ഉള്‍പ്പെടെ നിരത്തി വാദിക്കുന്നതായിരുന്നു പ്രിയങ്കയുടെ എക്‌സ് പോസ്റ്റ്. നിരവധി കുട്ടികളെ പട്ടിണിക്കിട്ടുവെന്നും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിന് പലസ്തീനികള്‍ ഇപ്പോഴും പട്ടിണി മരണഭീഷണിയിലാണെന്നും പ്രിയങ്ക എക്‌സില്‍ എഴുതി. നിശബ്ദത പാലിച്ചും നിഷ്‌ക്രിയമായിരുന്നും ഈ ഹീന കൃത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നതും ഒരു കുറ്റകൃത്യമാണ്. കേന്ദ്രസര്‍ക്കാര്‍ പ്രതികരണമറിയിക്കാതെ മൗനം പാലിക്കുകയാണെന്നും പ്രിയങ്ക വിമര്‍ശിച്ചു.

ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ട് രൂക്ഷമായ ഭാഷയിലാണ് റുവേന്‍ അസര്‍ പ്രതികരിച്ചിരിക്കുന്നത്. നിങ്ങളുടെ വഞ്ചന ലജ്ജാകരമാണ്. ഇസ്രയേല്‍ 25000 ഹമാസ് ഭീകരരെയാണ് വധിച്ചിരിക്കുന്നത്. ഹമാസ് ഭീകരര്‍ സാധാരണക്കാരെ കവചമാക്കി ഒളിവില്‍ കഴിയുന്നത് വഴിയും അവരില്‍ നിന്ന് സഹായം സ്വീകരിക്കുക വഴിയും നഷ്ടപ്പെട്ടത് സാധാരണക്കാരുടെ ജീവനുകളാണ്. ഹമാസിന്റെ ഹീനമായ ഇത്തരം തന്ത്രങ്ങള്‍ മൂലമാണ് സാധാരണക്കാരായ പലസ്തീനികള്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You cannot copy content of this page