Breaking News

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസത്തില്‍ സംസ്ഥാന ഉപാധ്യക്ഷനും വോട്ട്

Spread the love

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകള്‍ ട്വന്റിഫോറിന്. ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസം മറയാക്കി സംസ്ഥാന ഉപാധ്യക്ഷനും വോട്ട് ചെയ്തു. തൃശൂര്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. ആതിരയുടെ വിലാസം ഉപയോഗിച്ചാണ് ,സംസ്ഥാന ഉപാധ്യക്ഷന്‍ വി ഉണ്ണികൃഷ്ണന്‍ വോട്ട് ചെയ്തത്. വി ഉണ്ണികൃഷ്ണന് ഇരട്ടവോട്ടുള്ളതിന്റെ തെളിവുകളും ട്വന്റിഫോറിന് ലഭിച്ചു. വി ഉണ്ണികൃഷ്ണന്‍ ആരോപണം തള്ളിയിട്ടുണ്ട്. വോട്ട് ചെയ്തത് തൃശൂരില്‍ മാത്രമെന്നാണ് വിശദീകരണം.

വി ഉണ്ണികൃഷ്ണന്‍ ആയിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഉണ്ണികൃഷ്ണന് ഇരട്ട വോട്ടുണ്ടെന്ന് ഒരു ആരോപണം ഇന്നലെ സന്ദീപ് വാര്യര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വന്നത്.

സ്ഥിരതാമസക്കാരനാണെന്ന് കാണിക്കുന്നതിന് വേണ്ടി ജില്ലാ വൈസ് പ്രസിഡന്റിന്റെ അഡ്രസ് ഉപയോഗിക്കുകയാണ് ചെയ്തത്. കേരള വര്‍മ കോളജിലെ 53ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്തിരിക്കുന്നത്. മേല്‍വിലാസം ആതിരയുടെ അറിവോടെയാണ് ചേര്‍ത്തിരിക്കുന്നത് എന്നാണ് സൂചന. വിഷയത്തില്‍ ആതിര പ്രതികരിച്ചിട്ടില്ല. ഉണ്ണികൃഷ്ണന് പൊന്നാനി മണ്ഡലത്തിലും വോട്ട് ഉണ്ട്. അതുകൊണ്ടുതന്നെ ഇരട്ട വോട്ട് ആരോപണവും ഇദ്ദേഹത്തിനെതിരെ ഉയരുന്നുണ്ട്.

അതേസമയം, വ്യാജ വോട്ട് വിവാദത്തില്‍ സിപിഐഎം-ബിജെപി പോരിന് പിന്നാലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. രാവിലെ ഒമ്പതരയോടെ മണ്ഡലത്തിലെത്തും. പരുക്കേറ്റ പ്രവര്‍ത്തകരെ കാണും. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചില്‍ സുരേഷ് ഗോപി പങ്കെടുക്കും. നഗരത്തില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.

You cannot copy content of this page