Breaking News

ഓപ്പറേഷൻ‌ സിന്ദൂർ; ‘പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു’; സ്ഥിരീകരിച്ച് വ്യോമസേന മേധാവി

Spread the love

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തെന്ന് സ്ഥിരീകരിച്ച് വ്യോമസേന മേധാവി. ഒരു വലിയ എയർ ക്രാഫ്റ്റും തകർത്തെന്ന് വ്യോമസേനാ മേധാവി അമർ പ്രീത് സിങിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകർത്തത്. ഇതാദ്യമായാണ് പാക് യുദ്ധവിമാനങ്ങൾ തകർത്തെന്ന് ഇന്ത്യൻ വ്യോമസേനാമേധാവി സ്ഥിരീകരിക്കുന്നത്.

റഷ്യൻ നിർമ്മിത വിമാനവേധ മിസൈലായ എസ്-400 ആണ് പാകിസ്താൻ ജെറ്റുകളെ വീഴ്ത്തിയെന്ന് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിലെ ജേക്കബാബാദ് വ്യോമതാവളത്തിൽ ഉണ്ടായിരുന്ന എഫ്-16 ജെറ്റുകളും, ബൊളാരി വ്യോമതാവളത്തിൽ വ്യോമ നിരീക്ഷണത്തിനായി രൂപകൽപ്പന ചെയ്ത എഇഡബ്ല്യു & സി/ഇലിന്റ് വിമാനവും ഇന്ത്യൻ സൈന്യം നശിപ്പിച്ചതായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് പറഞ്ഞു.

“നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അത്ഭുതകരമായ ജോലി ചെയ്തു. ഞങ്ങൾ അടുത്തിടെ വാങ്ങിയ എസ്-400 സിസ്റ്റം ഒരു ഗെയിം ചേഞ്ചർ ആയിരുന്നു. ആ സിസ്റ്റത്തിന്റെ റേഞ്ച് അവരുടെ വിമാനങ്ങളെയും അവരുടെ കൈവശമുള്ള ദീർഘദൂര ഗ്ലൈഡ് ബോംബുകൾ പോലുള്ള ആയുധങ്ങളിൽ നിന്ന് അകറ്റി നിർത്തി” അമർ പ്രീത് സിങ് പറഞ്ഞു. 300 കിലോമീറ്റർ പരിധിയിൽവെച്ച് തന്നെ പാക് യുദ്ധവിമാനങ്ങൾ തകർത്തുവെന്ന് വ്യോമസേന മേധാവി പറഞ്ഞു.

You cannot copy content of this page