തിരുവനന്തപുരം: ഗരുഡ പ്രീമിയം ബസ് എന്ന നവകേരള ബസിനെതിരെ നടക്കുന്ന വാദങ്ങൾ എല്ലാം കള്ളമെന്ന കെഎസ്ആർടിസി. ബസ് സർവ്വീസ് ലാഭകരമാണെന്ന് ആണ് പ്രതികരണം. ഇതിനായി കണക്കുകളും ഇവർ നിരത്തുന്നു.
മെയ് അഞ്ചിനാണ് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിച്ചത്. ബസ്സിന് യാത്രക്കാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയും സഹകരണവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സര്‍വ്വീസ് ആരംഭിച്ചതു മുതല്‍ 15-ാം തിയ്യതി വരെയുള്ള കാലയളവില്‍ കിലോമീറ്ററിന് ശരാശരി 63.27 രൂപ കളക്ഷന്‍ നേടി ഗരുഡ പ്രീമിയം വിജയകരമായി സര്‍വീസ് തുടരുകയാണെന്നും കെഎസ്ആർടിസി അറിയിച്ചു. പൊതുവെ യാത്രക്കാര്‍ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം കിലോമീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കളക്ഷന്‍ നേടാനായിട്ടുണ്ട്. ഇതിനോടകം 450 ല്‍ കൂടുതല്‍ യാത്രക്കാര്‍ ഗരുഡ പ്രീമിയം സര്‍വീസില്‍ യാത്ര ചെയ്തു കഴിഞ്ഞു.
15-ാം തിയ്യതി വരെയുള്ള കണക്കനുസരിച്ച് പ്രതിദിനം 46,000 രൂപയ്ക്ക് മുകളില്‍ വരുമാനം ബസ്സിൽ നിന്നും ലഭിക്കുന്നുണ്ട്. സാധാരണഗതിയില്‍ പ്രീമിയം ക്ലാസ് സര്‍വീസുകള്‍ക്ക് ലഭിക്കാറുള്ള മികച്ച പിന്തുണ യാത്രക്കാരുടെ ഭാഗത്തുനിന്നും ഗരുഡ പ്രീമിയം സര്‍വീസിനും ലഭിക്കുന്നുണ്ട്. മറ്റുള്ള രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവവിരുദ്ധമാണെന്നും കെഎസ്ആർടിസി കൂട്ടിച്ചേർത്തു.
പുലർച്ചെ നാല് മണിയ്ക്കാണ് നവകേരള ബസ് കോഴിക്കോട് നിന്നും പുറപ്പെടുക. 11.30 ന് ബംഗളൂരുവിൽ എത്തും. ഇവിടെ നിന്നും തിരിച്ച് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ബസ് 10 ന് കോഴിക്കോട് എത്തും. ഇങ്ങനെ ആയിരുന്നു ബസിന്റെ സമയക്രമം തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് പാലിക്കാൻ ബസിന് കഴിയുന്നില്ല. ഗതാഗത കുരുക്കിനെ തുടർന്ന് ബസ് വൈകുന്നത് പതിവായിരിക്കുകയാണ്. നാല് മണിയ്ക്ക് പകരം ബസ് സർവ്വീസ് രാവിലെ ആറ് മണിയ്ക്ക് ആക്കണമെന്നാണ് യാത്രികരുടെ ആവശ്യം.
നിലവിൽ ജിഎസ്ടിയുൾപ്പെടെ 1256 രൂപയാണ് ടിക്കറ്റിന് വേണ്ടി നൽകേണ്ടിവരുന്നത്. ഈ ഉയർന്ന നിരക്കും നവകേരള ബസിനോടുള്ള യാത്രക്കാരുടെ വിമുഖതയ്ക്ക് കാരണം ആയിട്ടുണ്ട്. ഉയർന്ന നിരക്ക് ഒഴിവാക്കി സ്റ്റേജ് ഫെയർ കൊണ്ടുവരണം എന്നും ആളുകൾ ആവശ്യപ്പെടുന്നു.
നവകേരള ബസിന് 26 സീറ്റുകൾ ആണ് ഉള്ളത്. ഇരു വശങ്ങളിലേക്കും മുഴുവൻ സീറ്റുകളിലും ആളായാൽ പ്രതിദിനം 65,000 രൂപ വരുമാനമായി ലഭിക്കുമെന്ന ഉദ്ദേശത്തിൽ ആയിരുന്നു ബസ് സർവ്വീസ് ആരംഭിച്ചത്. എന്നാൽ യാത്രികരുടെ എണ്ണം കുറഞ്ഞത് ഈ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇരു വശങ്ങളിലേക്കുമായുള്ള സർവ്വീസിന് പെട്രോൾ അടിയ്ക്കാൻ മാത്രം 35,000 രൂപയാണ് ചിലവ് വരുന്നത്.
