Breaking News

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ബജ്റംഗ്ദൾ നേതാവിനെതിരെ പരാതി നൽകാൻ ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ

Spread the love

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീകലെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമയ്ക്കെതിരെ മൂന്ന് ആദിവാസി പെൺകുട്ടികൾ പരാതി നൽകും. കന്യാസ്ത്രീകളുടെ കൂടെ വന്ന പെൺകുട്ടികളാണ് പരാതി നൽകുക. ഭീഷണിപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ, തടഞ്ഞുവെക്കൽ എന്നിവ ഉന്നയിച്ചാകും പരാതി കൊടുക്കുക. നാരായൺപൂരിൽ പൊലീസ് സ്റ്റേഷനിൽ എത്തിയാകും മൂവരും പരാതി നൽകുക.

നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിപ്പിച്ചത് ബജ്റംഗ് ദൾ നേതാവാണെന്നും ജ്യോതി ശർമ എന്ന നേതാവ് തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും 21കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രഥാൻ കന്യാസ്ത്രീയ്ക്ക് അനുകൂലമായി വെളിപ്പെടുത്തൽ നടത്തിയതോടെ ഇരുവരുടെയും നിരപരാധിത്വം തെളിയിക്കപ്പെടുകയായിരുന്നു. ബജ്റംഗ് ദൾ പ്രവർത്തകർ പറഞ്ഞത് പ്രകാരമാണ് കേസെടുക്കാൻ പൊലീസ് തയ്യാറായതെന്നും പെൺകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ അല്പസമയത്തിനകം ബിലാസ്പുർ NIA കോടതി വിധി പറയും.ജാമ്യം കിട്ടിയാൽ ഇന്ന് തന്നെ കന്യാസ്ത്രീകൾ ജയിൽ മോചിതരാകും. എന്നാൽ കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയാൽ മതപരിവർത്തനം ആവർത്തിക്കുമെന്ന് ബജ്റംഗ്ദൾ അഭിഭാഷകന്റെ വാദം.ബജ്റംഗ്ദൾ ആരോപണത്തിന് എതിരായ തെളിവുകൾ കന്യാസ്ത്രീകളുടെ അഭിഭാഷകർ ഹാജരാക്കി. പെൺകുട്ടികൾ പ്രായപൂർത്തിയായവർ എന്ന് തെളിയിക്കുന്ന രേഖകളും, ക്രിസ്തീയ വിശ്വാസികൾ ആണെന്ന രേഖകളും, മാതാപിതാക്കളുടെ മൊഴിയും നൽകി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ ഭാഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ നിർബന്ധിത മതപരിവർത്തനത്തിനും, മനുഷ്യ കടത്തിനും അറസ്റ്റ് ചെയ്തത്. എൽഡിഎഫ് യുഡിഎഫ് ബിജെപി നേതാക്കളും കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഛത്തീസ്ഗഢിൽ തുടരുകയാണ്.

You cannot copy content of this page