Breaking News

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആശിർനന്ദയുടെ ആത്മഹത്യ, പൊലീസിനെതിരെ ബാലാവകാശ കമ്മിഷൻ

Spread the love

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ആശിർ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ രണ്ട് മാസമായിട്ടും പ്രതികളെ ചേർക്കാത്തതിനെതിരെയാണ് കമ്മീഷൻ പൊലീസിനെതിരെ തിരിഞ്ഞത്.

പോലീസ് അന്വേഷണത്തിലെ കാലതാമസം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മരണശേഷം രണ്ട് മാസം കഴിഞ്ഞിട്ടും വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിച്ച അധ്യാപകരെ എന്തുകൊണ്ട് പ്രതിചേർത്തില്ലെന്ന് കമ്മീഷൻ റിപ്പോർട്ടിൽ ചോദിക്കുന്നു.

സംഭവം നടന്ന ഉടൻ തന്നെ പോക്സോ നിയമപ്രകാരം കേസെടുക്കേണ്ടിയിരുന്നു എന്നും, എന്നാൽ പോലീസ് നിയമോപദേശം തേടുകയാണെന്ന വിശദീകരണം തൃപ്തികരമല്ലെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്താൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

ശ്രീകൃഷ്ണപുരം സ്വദേശിയായ ആശിർ നന്ദയെ ജൂൺ 29-നാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഠനത്തിൽ പിന്നോട്ട് പോയതിന് അധ്യാപകർ വഴക്ക് പറഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

You cannot copy content of this page