തിരുവനന്തപുരം: തിരുവനന്തപുരം മേയർ-കെ എസ് ആർ ടി സി ഡ്രെെവർ തർക്കത്തിൽ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിലാണ് നടപടി. ബസ് ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു.
ഓവർടേക്കിങ്ങുമായി ബന്ധപ്പെട്ടല്ല തർക്കമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയത് കൊണ്ടാണ് പരസ്യമായി പ്രതികരിച്ചതെന്നും മേയർ വ്യക്തമാക്കിയിരുന്നു. ഭർത്താവും എംഎൽഎയുമായ സച്ചിൻദേവ് അസഭ്യം പറഞ്ഞുവെന്നത് നുണയാണ്. പരാതിയിൽ ഉറച്ചുനിൽക്കുമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. സംഭവ ദിവസം രാത്രി മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
ഇതിനു പിന്നാലെ കമ്മീഷണര്‍ക്ക് യദു പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയൊന്നും എടുത്തില്ല. ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയല്‍ ജില്ലാ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മേയർക്കെതിരെയടക്കം കേസെടുത്തിട്ടുണ്ട്.