Breaking News

ന്യൂമോണിയ ബാധിച്ച് ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരിച്ചു: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി

Spread the love

കോഴിക്കോട് മെഡിക്കൽ കോളജിൽ ഭിന്നശേഷിക്കാരിയായ കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയെ കുടുംബമാശ്രയിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകൾ അശ്വതയാണ് മരിച്ചത്. കുടുംബം ആരോഗ്യ മന്ത്രിയ്ക്ക് പരാതി നൽകി.

ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രക്ഷിതാക്കൾ അശ്വതയെകൊണ്ടുപോയത്. പക്ഷേ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിക്ക് ലഭിക്കേണ്ട ഒരു പരിഗണനയും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചില്ല എന്നുള്ളതാണ് ഇവരുടെ പരാതി. ആരോഗ്യനില വളരെ മോശമായിട്ടും ഗൗരവത്തോടെ ഡോക്ടർമാർ പരിഗണിച്ചില്ല. വെന്റിലേറ്റർ സൗകര്യമില്ലെന്ന് അറിയിച്ചു.

മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തെ തന്നെ ചിലവ് താങ്ങാവുന്നതിലും അധികമായി. നാട്ടുകാരാണ് ഈ നിർധന കുടുംബത്തെ സഹായിച്ചത്. പിന്നീട് മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് രോഗം മൂർച്ഛിച്ച് അശ്വതയുടെ മരണം. മെഡിക്കൽ കോളേജിനെതിരെ ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നൽകി. എന്നാൽ നിലവിലുള്ള 26 വെന്റിലേറ്ററുകളിൽ ഒഴിവില്ലാത്തതിനാലാണ് നൽകാതിരുന്നത് എന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിൻറെ വിശദീകരണം.

You cannot copy content of this page