കായലോട് ആൾക്കൂട്ട ആക്രമണം; അഞ്ച് പേർക്കെതിരെ കേസ്

Spread the love

കണ്ണൂർ കായലോട് സദാചാര ആക്രമണത്തിൽ ഭയന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്. ആൺസുഹൃത്ത് റഹീസിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
യുവതിയുമായി കാറിൽ സംസാരിച്ചിരിക്കെ സംഘം ചേർന്ന് പിടിച്ചിറക്കി മർദിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. ഫോണിലുള്ള ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മൊബൈൽ ഫോണും ടാബും കൈക്കലാക്കിയെന്നും സ്കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽവെച്ച് മർദിച്ചു എന്നുമാണ് ഇവർക്കെതിരെയുള്ള കേസ്.

ബഷീർ, റഫ്നാസ്, ഫൈസൽ, സുനീർ, സഖറിയ എന്നിവർക്കെതിരെയാണ് കേസ്. അതിൽ മുബഷീർ, ഫൈസൽ,റഫ്‌നാസ്, സുനീർ,സക്കറിയ എന്നിവർക്കെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് പിണറായി പൊലീസ് സ്റ്റേഷനിൽ ആൺസുഹൃത്ത് റഹീസ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. തലശ്ശേരി എഎസ്പി പി ബി കിരണിന്റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളം ഇയാളെ ചോദ്യം ചെയ്തു. സദാചാര ആക്രമണം നടന്നിട്ടുണ്ടോ, എസ് ഡി പി ഐ ഓഫീസിലേക്ക് ആരാണ് കൊണ്ടുപോയത്, ഇവിടെ എന്താണ് നടന്നത് തുടങ്ങിയ വിവരങ്ങളും റഹീസിൽ നിന്ന് അന്വേഷണസംഘം ശേഖരിച്ചിരുന്നു. റഹീസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും 20 പവൻ സ്വർണ്ണവും, ഒന്നര ലക്ഷം രൂപയും റഹീസ് യുവതിയിൽ നിന്നും തട്ടിയെടുത്തെന്നുമാണ് കുടുംബത്തിന്റെ പരാതി. മൂന്നര വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഹീസ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. അടുത്ത സുഹൃത്തുക്കളാണെന്നും ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമുണ്ടായിട്ടില്ലെന്നുമാണ് റഹീസിന്റെ മൊഴി.

You cannot copy content of this page